< Back
Kerala
തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധം; നിയമസഭ നാളെ പിരിയും
Kerala

തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധം; നിയമസഭ നാളെ പിരിയും

Web Desk
|
23 Feb 2026 10:14 AM IST

രണ്ട് ഫിനാൻസ് ബില്ലുകൾക്ക് പുറമേ നേറ്റിവിറ്റി കാർഡ് ബില്ലും സഭ നാളെ പാസാക്കും

തിരുവനന്തപുരം: നിയമസഭ നാളെ പിരിയും. സഭാ നടപടികൾ ഗില്ലറ്റിൻ ചെയ്യാൻ ധാരണയായി. തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം . പതിനഞ്ചാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനമാണ് നാളെ തീരുന്നത്. നാളെ കഴിഞ്ഞാൽ ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്കാണ് രാഷ്ട്രീയപാർട്ടികൾ. ധനവിനിയോഗ ബിൽ അടക്കം ഒമ്പത് ബില്ലുകൾ നാളെ പാസാക്കും. രണ്ട് ഫിനാൻസ് ബില്ലുകൾക്ക് പുറമേ നേറ്റിവിറ്റി കാർഡ് ബില്ലും സഭ നാളെ പാസാക്കും.

അതേസമയം ശബരിമല സ്വർണക്കൊള്ളയിലും തന്ത്രിയുടെ അറസ്റ്റിലും നിയമസഭ ഇന്നും പ്രക്ഷുബ്ധമാണ്. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വർണക്കൊള്ളയിൽ പ്രധാന പ്രതികളെല്ലാം ഇന്ന് ജയിലിന് പുറത്തെന്നും തന്ത്രിയെ അനാവശ്യമായി ജയിലിലടച്ചെന്നും കെ.ബാബു പറഞ്ഞു. പിന്നാലെ പ്രതിപക്ഷത്തെ നേരിടാൻ മന്ത്രിമാർ രംഗത്തെത്തി. തന്ത്രിക്കെന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് എം.ബി രാജേഷ് ചോദിച്ചു. സഭക്കകത്ത് കോൺഗ്രസും സഭയ്ക്ക് പുറത്ത് ബിജെപിയും തന്ത്രിക്കായി വക്കാലത്ത് എടുത്തെന്നും രാജേഷ് പറഞ്ഞു.

ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരമെന്നും പി.രാജീവ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഭരണപക്ഷം ഉയർത്തി.

Similar Posts