
അടഞ്ഞു കിടന്നത് മൂന്ന് വര്‍ഷം; എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടം തുറന്നുകൊടുത്തു
|മീഡിയ വണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി
കൊച്ചി: മീഡിയവണ്‍ വാര്‍ത്ത ഫലം കണ്ടു. മൂന്ന് വര്‍ഷത്തോളമായി എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെ അടഞ്ഞു കിടന്ന പ്രധാന കവാടം തുറന്നുകൊടുത്തു. നിര്‍മാണപ്രവൃത്തിയുടെ പേര് പറഞ്ഞ് അകാരണമായി അടച്ചിട്ട കവാടമാണ് വാര്‍ത്തയ്ക്ക് പിന്നാലെ അധികൃതര്‍ തുറന്ന് കൊടുത്തത്. ദിവസവും നൂറുകണക്കിന് രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്. ഒപിയിലേക്കെത്താന്‍ ഇനി ആശുപത്രിപരിസരം മൊത്തം കറങ്ങേണ്ട അവസ്ഥയായിരുന്നു.
എന്നാല്‍ ഇനി ഗതാഗതത്തിന് ഏറ്റവും സൗകര്യമുളള സ്ഥലത്ത് ഇനി വാഹനം ഇറങ്ങി മുന്നോട്ടൊന്ന് നടന്നാല്‍ മാത്രം മതി. ഇത്രയും സൗകര്യം ഉണ്ടായിട്ടും പിന്നെ എന്തിനാണ് മൂന്ന് വര്‍ഷത്തോളം പ്രധാന കവാടം അടച്ചിട്ടത് എന്ന ചോദ്യത്തിന് ഇന്നേവരെ കൃത്യമായ മറുപടി നല്‍കാന്‍ ആശുപത്രിക്കധികൃതര്‍ക്കായിട്ടില്ല എന്നതാണ് വസ്തുത.
നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് അടച്ചിട്ടതെന്നായിരുന്നു ന്യായീകരണം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബ്ലോക്കിലാണ് ഈ ഒ പി പ്രവര്‍ത്തിക്കുന്നതും. പിന്നെ എവിടെയാണ് തടസ്സമെന്നായിരുന്നു ഏറെ നാള്‍ ഉയര്‍ന്ന ചോദ്യം.
അതേസമയം, ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലെ കെട്ടിടങ്ങളുടെ ജീര്‍ണാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലിഫ്‌റ്റോ റാംപോ ഇല്ലാത്ത കെട്ടിടത്തില്‍ മുകള്‍ നിലയിലേക്ക് അത്യാഹിത വിഭാഗത്തിലേക്കെത്തുന്ന രോഗികളെ സ്‌ട്രെച്ചറില്‍ കിടത്തി ചുമന്നുകൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.