< Back
Kerala
കെപിസിസി മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് മേയറെ നിശ്ചയിച്ചത്, വിജയത്തിന്‍റെ ശോഭ കെടുത്തരുത്: ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്
Kerala

'കെപിസിസി മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് മേയറെ നിശ്ചയിച്ചത്, വിജയത്തിന്‍റെ ശോഭ കെടുത്തരുത്': ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്

Web Desk
|
24 Dec 2025 12:54 PM IST

ഒന്നര വർഷത്തെ പ്രവർത്തകരുടെ പ്രയത്നത്തിന്‍റെ ഫലമാണ് വിജയമെന്നും അവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തരുതെന്നും ഷിയാസ് പറഞ്ഞു

എറണാകുളം: കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് മേയറെ നിശ്ചയിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഭൂരിപക്ഷം എന്നത് മുന്‍പും അവലംബിച്ച മാതൃകയാണ്. വിജയത്തിന്റെ ശോഭ കെടുത്തരുതെന്നും സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

'ആരും വിജയത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കരുത്. കൂട്ടായ തീരുമാനമായിരുന്നു അത്. അത് പ്രഖ്യാപിക്കുകയെന്നത് മാത്രമാണ് പ്രസിഡന്റിന്റെ ചുമതല. സാധാരണ പ്രവര്‍ത്തകരുടെ ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ഈ വിജയം.' അവരെ വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും ഷിയാസ് അഭിപ്രായപ്പെട്ടു.

'പവര്‍ ഗ്രൂപ്പ് എന്നത് പലരും ഉന്നയിക്കുന്ന ആരോപണം മാത്രമാണ്. അങ്ങനെയൊരു ഗ്രൂപ്പ് ഇല്ല. എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്.' ഡെപ്യൂട്ടി മേയര്‍ സ്ഥാനം സംബന്ധിച്ച ലീഗിന്റെ പ്രതിഷേധം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സ്ഥാനമാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതേയുള്ളൂവെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊച്ചി മേയറെ നിശ്ചയിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ ദീപ്തിയുടെ പ്രതികരണം തെറ്റിധാരണകൊണ്ടാണെന്ന് ഡൊമനിക് പ്രസന്റേ്ഷന്‍ മീഡിയവണിനോട് പറഞ്ഞു. മേയറെ നിശ്ചയിച്ചത് നീതിയുക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എംഎല്‍എമാരുടെ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം സ്വീകരിച്ചിരുന്നു. ദീപ്തിയുടെ പരിഭവം മാനിക്കുന്നു. അഭിപ്രായം പറയേണ്ട കമ്മിറ്റിയില്‍ അംഗമായിരുന്നിട്ടും അജയ് തറയില്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തില്ലെന്നും ഡൊമനിക് പറഞ്ഞു.

ലീഗിന്റെ അതൃപ്തിയെ കുറിച്ചുള്ള ചോദ്യത്തില്‍ ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്‌നം വന്നിട്ടുണ്ടാകുമെന്നും മുഹമ്മദ് ഷായുമായി സംസാരിച്ച് പിണക്കം മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts