< Back
Kerala
udf leaders will visit shabarimala tomorrow

Photo|Special Arrangement

Kerala

ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി

Web Desk
|
28 Sept 2025 3:13 PM IST

സ്‌പോൺസർ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കാണാതായ പീഠം കണ്ടെത്തി. സ്‌പോൺസർ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്. പീഠം കാണാതെ പോയെന്ന് നേരത്തെ പരാതി നൽകിയത് ഉണ്ണികൃഷ്ണനായിരുന്നു. ഇതിന് പിന്നാലെ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുൾമുനയിൽ നിർത്തിയ ആരോപണത്തിന് അപ്രതീക്ഷിത ട്വിസ്റ്റ്. കാണാതെപോയ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണ പീഠം ദേവസ്വം വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം വെഞ്ഞാറമൂടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു പീഠം ഉണ്ടായിരുന്നത്. 2019 ൽ പീഠം ശബരിമലയിലേക്ക് കൊണ്ടുവന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരിചയക്കാരൻ വാസുദേവൻ ആണ്. 2021 മുതൽ പീഠം ഇയാളുടെ കൈവശം ഉണ്ടായിരുന്നതായും വിജിലൻസ് മനസ്സിലാക്കി. വിവാദമായതോടെ ഇത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരികെ കൊടുത്തു. ഈ മാസം 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയതെന്നും വിജിലൻസ് കണ്ടെത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തൽ. വാസുദേവന്റെ പക്കൽ പീഠം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിശദീകരണം. ദ്വാരപാലക ശില്പത്തിൽ പാകമാവാത്തതുകൊണ്ടാകാം പീഠം തിരികെ കൊണ്ടുപോയത്. എന്നാൽ അകാര്യം തന്നോട് വാസുദേവൻ അറിയിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ടാകും വിജിലൻസ് എസ്പി ഹൈക്കോടതിയിൽ സമർപ്പിക്കുക. സ്വർണ്ണപീഠം കണ്ടെത്തിയതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ ആശ്വാസമായിട്ടുണ്ട്.

അതേസമയം,കൃത്യമായ അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ഈ മാസം മുപ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിക്കുന്നതോടെ എല്ലാ ആശങ്കകളും പരിഹാരമാകുമെന്നും കോടതിക്ക് മുന്നിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്നുമാണ് പ്രശാന്ത് പറഞ്ഞത്.

Similar Posts