< Back
Kerala
Life mission case UV Jose statement
Kerala

'ധാരണാപത്രത്തിൽ ഒപ്പു വച്ചത് ശിവശങ്കറിന്റെ നിർദേശപ്രകാരം': ലൈഫ് മിഷൻ കേസിൽ യു.വി ജോസിന്റെ മൊഴി

Web Desk
|
18 Feb 2023 8:34 AM IST

കള്ളപ്പണ ഇടപാടിനെക്കുറിച്ചോ ഗൂഢാലോചനയെക്കുറിച്ചോ തനിക്കറിയില്ലെന്നും യു.വി ജോസ്

തിരുവനന്തപുരം: ലൈഫ് മിഷൻകോഴ കേസിൽ ശിവശങ്കറിനെതിരെ ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി.ജോസ് ഇഡിക്ക് മൊഴി നൽകി. ശിവശങ്കറാണ് സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതെന്നും റെഡ്‌ക്രെസന്റുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചത് ശിവശങ്കറിന്റെ നിർദേശ പ്രകാരമാണെന്നും കള്ളപ്പണ ഇടപാടിനെക്കുറിച്ചോ ഗൂഡാലോചനയെക്കുറിച്ചോ തനിക്കറിയില്ലെന്നും യുവി ജോസ് മൊഴി നൽകി.

യു.വി ജോസിനെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തിയാണ് ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്നത് കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ മൊഴി കേസിൽ നിർണായകമാകും. ഇ.ഡി നേരത്തേ തെളിവായി കാണിച്ചിരിക്കുന്ന കാര്യങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള മൊഴികളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്നലെ തന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ഇരുത്തി ചോദ്യം ചെയ്തപ്പോഴും ശിവശങ്കറിനെതിരായ മൊഴിയാണ് ലഭിച്ചത്. സ്വപ്നക്ക് വേണ്ടി ലോക്കർ തുറന്നു കൊടുത്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നും ലോക്കറിനുള്ളിൽ എന്താണെന്നറിയില്ലെന്നുമായിരുന്നു മൊഴി. ഇഡി കരുതുന്നത് പോലെ ശിവശങ്കർ തന്നെയാണ് പ്രധാന പ്രതി എന്ന കാര്യത്തിലേക്കാണ് മൊഴികളെല്ലാം തന്നെ വിരൽ ചൂണ്ടുന്നത്.

എന്നാൽ, തെളിവുകളെല്ലാം തനിക്കെതിരാകുമ്പോഴും ഇവയൊന്നും സമ്മതിക്കാതെ ശിവശങ്കർ ഒഴിഞ്ഞു മാറുന്നു എന്നതാണ് ഇ.ഡിയുടെ പ്രധാന പരാതി. അന്വേഷണത്തോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഇ.ഡിക്ക് പരാതിയുണ്ട്.

Similar Posts