< Back
Kerala
പാർട്ടി നടപടിയെ ഭയമില്ല, പാർട്ടിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്: വി.കുഞ്ഞികൃഷ്ണൻ
Kerala

പാർട്ടി നടപടിയെ ഭയമില്ല, പാർട്ടിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്: വി.കുഞ്ഞികൃഷ്ണൻ

Web Desk
|
25 Jan 2026 12:51 PM IST

ഇതുപോലുള്ള കുറ്റക്കാരാണ് അഭിമതമെങ്കിൽ പാർട്ടിക്ക് തീരുമാനിക്കാമെന്നും കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പാർട്ടി നടപടിയിൽ ഭയമില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി.കുഞ്ഞികൃഷ്ണൻ. നടപടിയെക്കുറിച്ചുള്ള ബോധ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടിയെ തെറ്റിൽ നിന്ന് നേർവഴിക്ക് നയിക്കുകയാണ് ലക്ഷ്യം. പാർട്ടി വിട്ട് എവിടെക്കും പോകാനില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

തുറന്നെഴുത്ത് നടത്തിയതുകൊണ്ട് പാർട്ടി സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ച് ഒരു ആശങ്കയുമില്ലെന്ന് തൻ്റെ പുസ്തകത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടി പാർട്ടിയുടെ വഴിക്ക് പോകട്ടെ, താൻ തൻ്റെ വഴിക്ക് പോകും. പാർട്ടിയിൽ നടന്ന തെറ്റുകളിൽ ജനങ്ങൾ അറിയണമെന്ന് ആ​ഗ്രഹിച്ച കാര്യങ്ങളൊക്കെ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിൽ ആര് സ്ഥാനാർഥിയാകും എന്നത് തൻ്റെ വിഷയമല്ല. പാർട്ടിയെ ശുദ്ധീകരിക്കുക, തെറ്റിലേക്ക് പോയികൊണ്ടിരിക്കുന്ന പാർട്ടിയെ നേർവഴിക്ക് നയിക്കുക തുടങ്ങിയ ഉദ്ദേശങ്ങൾ മാത്രമേ തനിക്കുള്ളൂ.

ഇതുപോലുള്ള കുറ്റക്കാരാണ് പാർട്ടിക്ക് അഭിമതമെങ്കിൽ പാർട്ടിക്ക് തീരുമാനിക്കാം. കുറ്റകാരെ സം​രക്ഷിക്കുന്ന നിലപാടാണ് നേതൃത്വം ഇതുവരെ സ്വീകരിച്ചത്. സ്ഥാനാർഥി നിർണയത്തിലും അങ്ങനെയാണെങ്കിൽ പാർട്ടി കൂടുതൽ മോശമാകുമെന്നെയുള്ളൂവെന്നും കുഞ്ഞികൃഷ്ണൻ.

ഈ പോരാട്ടത്തിൽ ഒരാളെയും കൂടെകൂട്ടാൻ ഉദ്ദേശിക്കുന്നില്ലയെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്റെ നിലപാടിനോട് യോജിക്കുന്ന വലിയവിഭാ​ഗം ജനങ്ങൾ പയ്യന്നൂരിലുണ്ട്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും താൻ പോവില്ല. നേതൃത്വം തെറ്റുചെയ്യുമ്പോൾ തിരുത്തേണ്ട ഉത്തരവാദിത്തം അണികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയ്ക്കിടെ അപ്രതീക്ഷിതമായാണ് കുഞ്ഞികൃഷ്ണൻ്റെ തുറന്നുപറച്ചിൽ. രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നടക്കമുള്ള സാമ്പത്തിക തിരിമറി ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചുപറഞ്ഞതോടെ കോൺഗ്രസും ബിജെപിയും എംഎൽഎയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.

രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയ എതിരാളികൾ തെരഞ്ഞെടുപ്പ് രംഗത്തും വിഷയം ഉന്നയിക്കുമെന്ന് ഉറപ്പാണ്. പാർട്ടിയെ വെട്ടിലാക്കിയ കുഞ്ഞികൃഷ്ണനും മധുസൂദനന് വീണ്ടും സ്ഥാനാർഥിത്വം നൽകുന്നതിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തെ തടയുക സിപിഎമ്മിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.

Similar Posts