< Back
Kerala
പാർട്ടി ഭരണഘടനയിൽ പറയുന്നില്ല; സിപിഐയിൽ പ്രായപരിധി നടപ്പാക്കുന്നതിൽ തർക്കം
Kerala

'പാർട്ടി ഭരണഘടനയിൽ പറയുന്നില്ല'; സിപിഐയിൽ പ്രായപരിധി നടപ്പാക്കുന്നതിൽ തർക്കം

Web Desk
|
25 Sept 2022 2:49 PM IST

പ്രായപരിധി പാർട്ടി ഭരണഘടനയിൽ പറയുന്നില്ലെന്ന് ഇസ്മായിൽ പക്ഷം പറയുമ്പോൾ യുവാക്കളെ കൊണ്ട് വരാനാണ് പ്രായപരിധിയെന്ന് കാനം പക്ഷം പറയുന്നു

തിരുവനന്തപുരം: സിപിഐയിൽ പ്രായപരിധി നടപ്പാക്കുന്നതിൽ തർക്കം. പ്രായപരിധി 75 വയസാക്കുന്നതിൽ ഇസ്മായിൽ പക്ഷമാണ് കടുത്ത എതിർപ്പുമായി രംഗത്തെത്തിയത്. സംസ്ഥാന സമ്മേളത്തിൽ ശക്തമായ എതിർപ്പ് ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രായപരിധി പാർട്ടി ഭരണഘടനയിൽ പറയുന്നില്ലെന്ന് ഇസ്മായിൽ പക്ഷം പറയുമ്പോൾ യുവാക്കളെ കൊണ്ട് വരാനാണ് പ്രായപരിധിയെന്ന് കാനം പക്ഷം പറയുന്നു.

75 എന്ന പ്രായപരിധി നടപ്പിലാക്കിയാൽ, മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താകും. ഇസ്മായിലിനു പാർട്ടി കോൺഗ്രസോടെ ദേശീയ നിർവാഹകസമിതി അംഗത്വവും നഷ്ടപ്പെടും. ഇങ്ങനെ സംഭവിച്ചാൽ ഇസ്മായിലിന്റെ വിടവാങ്ങൽ വേദികളായി തിരുവനന്തപുരത്തെ സംസ്ഥാന സമ്മേളനവും വിജയവാഡയിലെ പാർട്ടി കോൺഗ്രസും മാറും. ഇതിനെ ചെറുക്കാനുള്ള ശ്രമമാണ് ഇസ്മായിൽ വിഭാഗം ആരംഭിച്ചത്.

കഴിഞ്ഞ സംസ്ഥാന കൗൺസിലിൽ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി.ബിനു പ്രായപരിധിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.അംഗ സംഖ്യയിലെ സ്തംഭനാവസ്ഥ കണക്കിലെടുത്താണ് 75 വയസ്സ് കമ്മിറ്റികളിലെ വിടപറയൽ പ്രായമായി നിശ്ചയിക്കാൻ സിപിഐ ദേശീയ കൗൺസിൽ തീരുമാനിച്ചത്. പകരം ചെറുപ്പക്കാരുടെ കമ്മിറ്റി പ്രാതിനിധ്യം യുവതലമുറയെ ആകർഷിക്കുമെന്നും അതുവഴി പാർട്ടി വളരുമെന്നുമാണു പ്രതീക്ഷ.

Related Tags :
Similar Posts