< Back
Kerala
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് ഒക്ടോബർ 16ന്; മുന്നണിയും സിപിഎമ്മും ഇരുട്ടിൽ
Kerala

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് ഒക്ടോബർ 16ന്; മുന്നണിയും സിപിഎമ്മും ഇരുട്ടിൽ

Web Desk
|
24 Oct 2025 7:44 PM IST

അവസാന മന്ത്രിസഭാ യോഗം 22ന് ചേർന്നിട്ടും ഒപ്പിട്ടകാര്യം അറിയിച്ചില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ഈ മാസം 16നെന്ന് രേഖകൾ. അവസാന മന്ത്രിസഭാ യോഗം ചേർന്നതിന് ഒരാഴ്ച മുമ്പാണ് കരാറിൽ ഒപ്പുവെച്ചത്. പദ്ധതിയിൽ നിന്ന് പിൻവാങ്ങാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. രേഖയുടെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചു.

രണ്ട് മന്ത്രിസഭായോഗങ്ങളിൽ സിപിഐയുടെ എതിർപ്പിനെ തുടർന്നാണ് പിഎം ശ്രിയിൽ ഒപ്പിടാനുള്ള തീരുമാനം സർക്കാർ മാറ്റിവെച്ചത്. സമവായത്തിനുശേഷം മതി തീരുമാനം എന്നായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ നിലപാട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചത് എന്നതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അവസാന മന്ത്രിസഭായോഗം ചേർന്നത് ഈ മാസം 22നാണ്. പിഎം ശ്രീ യിൽ സർക്കാർ ഒപ്പുവെച്ചതാവട്ടെ ഈ മാസം 16ന്. അവസാന മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രതികരിക്കാതിരുന്നത് ഒപ്പിട്ട കാര്യം മറച്ചുവെച്ചാണ്. ഈ രേഖകളാണ് മീഡിയവണ്ണിന് ലഭിച്ചത്.

അതേസമയം, സിപിഐയെ കൂടുതൽ പ്രകോപിപ്പിക്കുന്നതാണ് പുറത്തുവന്ന രേഖകൾ. ഈ മാസം 27ന് ചേരുന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം നിലപാട് അറിയിക്കും എന്നാണ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്. അനുനയ നീക്കങ്ങൾ ഒരുഭാഗത്ത് സജീവമായി നടക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. എൽഡിഎഫിൽ പോലും ചർച്ച ചെയ്യാതെ എന്തിന് പദ്ധതിയിൽ ഒപ്പിട്ടു എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്. അതുകൊണ്ടുതന്നെ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ഇത് വിലങ്ങ് തടിയാവാനാണ് സാധ്യത.

കഴിഞ്ഞ ദിവസമാണ് പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. പാർട്ടിയെയും മുന്നണിയെയും ഇരുട്ടിൽ നിർത്തിയാണ് പദ്ധതിയുമായി സഹകരിച്ച് സർക്കാർ മുന്നോട്ട് പോയത്. നേരത്തെ ഒപ്പുവച്ചതിൽ ഗൂഢാലോചന ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.

പദ്ധതിയിൽ ഒപ്പുവച്ചതിന് പിന്നാലെ ആദ്യം പിന്തുണച്ചത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് അതിൽ നിന്ന് വ്യക്തമാണെന്നുമാണ് ബിനോയ് വിശ്വം ആരോപിച്ചു. ഇത്രയേറെ ഗൗരവമേറിയ വിഷയത്തിൽ ഒപ്പിടുമ്പോൾ ഘടകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി മനസിലാകുന്നില്ല. അതുകൊണ്ടാണ് സിപിഐ ആവശ്യമായ ചർച്ചകളും സമ്മതങ്ങളും ആവശ്യപ്പെട്ടത്. എന്തിനാണ് അനാവശ്യമായ തിരക്ക് കാണിച്ചതെന്ന് എല്ലാവർക്കും അറിയണമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

Similar Posts