< Back
Kerala
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവം: പൊലീസ് നരനായാട്ട് അവസാനിപ്പിക്കണം; ജോസഫ് ടാജെറ്റ്
Kerala

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവം: 'പൊലീസ് നരനായാട്ട് അവസാനിപ്പിക്കണം'; ജോസഫ് ടാജെറ്റ്

Web Desk
|
3 Sept 2025 4:46 PM IST

ക്രൂര മർദനമാണ് നടന്നതെന്നും ഉൾപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ജോസഫ് ടാജെറ്റ് പറഞ്ഞു

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ക്രൂരമായ മർദനമാണ് നടന്നത്. പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് മാത്രമല്ല, മുകളിലത്തെ മുറിയിൽ കൊണ്ടുപോയി 45 തവണ കാലിൽ അടിച്ചെന്നും ജോസഫ് ടാജെറ്റ് പറഞ്ഞു. എങ്ങനെ നേരിടണമെന്ന് കാര്യം പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം.

തൃശൂർ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. തുടർന്നാണ് ഷർട്ടടക്കം ഊരിമാറ്റി സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നത്.

സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പൊലീസുകാർ ചേർന്നാണ് സുജിത്തിനെ മർദ്ദിച്ചത്. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിർത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് പുറത്തുവന്ന ദൃശ്യത്തിലുണ്ട്.

സംഭവത്തിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം.

തുടർന്ന് വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായി. പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണിപ്പോൾ. പിന്നാലെയാണ് വിവരാവകാശപ്രകാരം മർദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്.

Similar Posts