< Back
Kerala
ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല,രാജി വെച്ചത് ധാർമ്മികതയുടെ പേരിൽ: സജി ചെറിയാൻ
Kerala

'ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല,രാജി വെച്ചത് ധാർമ്മികതയുടെ പേരിൽ': സജി ചെറിയാൻ

Web Desk
|
31 Dec 2022 12:46 PM IST

'കേസിൽ കഴമ്പില്ലെന്ന് കണ്ടാണ് കോടതി കുറ്റവിമുക്തനാക്കിയത്. നിലവിൽ തനിക്ക് മന്ത്രിയാകുന്നതിന് നിയമ തടസങ്ങളില്ല'. ഇനിയും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാമെന്നും സജി ചെറിയാൻ പറഞ്ഞു.

തിരുവനന്തപുരം: ധാർമ്മികതയുടെ പേരിലാണ് താൻ രാജി വെച്ചതെന്ന് സജി ചെറിയാൻ. ''എന്റെ പ്രസംഗം കാരണം പാർട്ടിക്ക് ദോഷം വരാൻ പാടില്ല. അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങിയില്ല. കോടതിയിലേക്ക് കേസ് എത്തിയതുകൊണ്ടു കൂടിയാണ് രാജിയിലേക്ക് നീങ്ങിയത്.

പ്രതിപക്ഷം ശരിയായ നിലയിൽ തന്നെയാണ് പ്രവർത്തിച്ചത്. പ്രതിപക്ഷ നേതാവ് നിയമം പഠിച്ചയാളാണ്. അദ്ദേഹം ശരിയായ നിലയിൽ തന്നെയാണ് പ്രവർത്തിച്ചത്. ഞാൻ ഭരണഘടനയ്ക്ക് വിധേയനാണ്. ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല. കേസിൽ കഴമ്പില്ലെന്ന് കണ്ടാണ് കോടതി കുറ്റവിമുക്തനാക്കിയത്''. നിലവിൽ തനിക്ക് മന്ത്രിയാകുന്നതിന് നിയമ തടസങ്ങളില്ല. ഇനിയും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാമെന്നും സജി ചെറിയാൻ പറഞ്ഞു.

ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻറെ പേരിൽ രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്. പൊലീസ് റിപ്പോർട്ട് സജി ചെറിയാന് അനുകുലമായതും കോടതികളിൽ കേസുകളൊന്നും തന്നെ നിലവിലില്ലാതിരിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സി.പി.എം എത്തിയത്.

ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്നത് ശ്രദ്ധേയമാണ്. അടുത്ത മാസം 23 ന് നിയമസഭാ സമ്മേളനം ചേരാൻ ധാരണയായിട്ടുണ്ട്. അതിന് മുന്നോടിയായി സജി ചെറിയാൻറെ സത്യപ്രതിജ്ഞ നടത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഗവർണറുടെ സൌകര്യം നോക്കി തിയ്യതി നിശ്ചയിക്കും. അദ്ദേഹം നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരിക വകുപ്പുകൾ തന്നെ നൽകാനാണ് ധാരണ. സത്യപ്രതിഞ്ജ അടുത്ത മാസം നാലിന് നടന്നേക്കുമെന്ന് സൂചന.

Similar Posts