
കീം പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് തിരിച്ചടി
|നേരത്തെ അഞ്ചാം റാങ്കുകാരനായ ജോഷ്വാ ജേക്കബ് തോമസിനാണ് നിലവിൽ ഒന്നാം റാങ്ക്
തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ 43 പേരുണ്ടായിരുന്നിടത്താണ് ഈ മാറ്റം. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല.
76,230 പേരാണ് കീമിൽ യോഗ്യത നേടിയത്. പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് അടക്കം മാറിയിട്ടുണ്ട്. നേരത്തെ അഞ്ചാം റാങ്കുകാരനായ ജോഷ്വാ ജേക്കബ് തോമസിനാണ് നിലവിൽ ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തായിരുന്ന ജോൺ ഷിനോജ് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം കീം മാർക്ക് ഏകീകരണത്തിൽ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെടുത്തതെന്ന സർക്കാർ വാദം പൊളിഞ്ഞു. മാർക്ക് ഏകീകരണം ഇത്തവണ നടപ്പാക്കാനാകില്ലെന്നായിരുന്നു സമിതിയുടെ ശിപാർശ. എൻട്രൻസ് കമ്മീഷണർ അധ്യക്ഷനായ സ്റ്റാൻഡേർഡൈസേഷൻ റിവ്യൂ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ് ശിപാർശ. പഠനം പൂർത്തിയാകുന്നത് വരെ നിലവിലെ ഫോർമുല തുടരുന്നതാണ് ഉചിതമെന്നും റിപ്പോർട്ടിൽ പരാമർശം. ഇത് കണക്കിലെടുക്കാതെയാണ് ഏകീകരണം നടപ്പിലാക്കിയത്.