< Back
Kerala
ആറ് പുതുമുഖങ്ങൾ; സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു
Kerala

ആറ് പുതുമുഖങ്ങൾ; സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു

Web Desk
|
12 Nov 2025 4:13 PM IST

മുശാവറ അംഗങ്ങളുടെ എണ്ണം 38 ആയി

കോഴിക്കോട്: സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. ആറ് പേരെ പുതുതായി മുശാവറ അംഗങ്ങളാക്കി. ബഷീർ ഫൈസി ചീക്കോന്ന്, ടി.കെ അബ്ദുല്ല മുസ്ല്യാർ വെളിമുക്ക്, പി. സൈതാലി മുസ്ല്യാർ മാമ്പുഴ, അലവി ഫൈസി കൊളപ്പറമ്പ്, ഷെരീഫ് ബാഖവി കണ്ണൂർ, അബ്ദുൽ ഗഫൂർ അൻവരി മുതൂർ എന്നിവരാണ് പുതുതായി മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

40 അംഗങ്ങൾ വേണ്ട സമസ്ത മുശാവറയിലെ ഒഴിവുകളാണ് ഇന്ന് ചേർന്ന മുശാവറ യോഗം നികത്തിയത്. ആറ് പേരെ പുതുതായി ഉൾപ്പെടുത്തിയതോടെ നിലവിലെ മുശാവറ അംഗങ്ങളുടെ എണ്ണം 38 ആയി. രണ്ടുപേരുടെ ഒഴിവ് ഇനിയും നികത്താൻ ഉണ്ട്.

അതേസമയം സമസ്ത മുശാവറയിൽ നിന്ന് സസ്പെൻഷൻ നടപടി നേരിടുന്ന മുസ്തഫൽ ഫൈസിയുടെ സസ്പെൻഷൻ പിൻവലിച്ചില്ല. നേതൃ വിമർശനം നടത്തിയെന്നാരോപിച്ച് ആണ് മുസ്തഫല്‍ ഫൈസിയെ മുശാവറയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയും മുസ്തഫൽ ഫൈസി നൽകിയ വിശദീകരണവും ഇന്ന് ചേർന്ന സമസ്ത മുശാവറ തള്ളി. ലീഗ് അനുകൂല വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കെ കഴിഞ്ഞ ജനുവരിയിൽ മലപ്പുറത്ത് നടന്ന പരിപാടിയിലാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ പരോക്ഷമായി വിമർശിച്ച് മുസ്തഫൽ ഫൈസി പ്രസംഗിച്ചത്.

ഇതിന് പിന്നാലെയാണ് സമസ്തയിൽ നിന്ന് മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തത്. സാദിഖലി തങ്ങളെ മുശാവറ അംഗം ആക്കണം എന്ന ലീഗ് അനുകൂല വിഭാഗത്തിൻ്റെ കാലങ്ങളായുള്ള ആവശ്യത്തിനും അനുകൂല തീരുമാനം സമസ്തയിൽ നിന്നുണ്ടായില്ല. ഈ ആവശ്യം ഇന്ന് ചർച്ചയായില്ലെന്നാണ് സമസ്ത നേതൃത്വത്തിൻ്റെ അനൗദ്യോഗിക പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചില്ല.

Similar Posts