< Back
Kerala
v shivankutty
Kerala

'സ്‌കൂൾ സമയമാറ്റം തുടരും, സർക്കാരിന്റെ തീരുമാനവുമായി മുന്നോട്ട് പോകും'; മന്ത്രി വി.ശിവൻകുട്ടി

Web Desk
|
25 July 2025 6:06 PM IST

മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് സമസ്ത പ്രതികരിച്ചിരുന്നു

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം മാറ്റമുണ്ടാകുമെന്ന് ആർക്കും ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമയ മാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

പ്രതിഷേധങ്ങളും പരാതികളുമായി മുന്നോട്ട് പോകാൻ ആഗ്രഹമില്ലെന്നും എല്ലാവരുടെയും അഭിപ്രായം കേട്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നിലവിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും പരാതികൾ ഉണ്ടെങ്കിൽ അടുത്ത അധ്യയന വർഷം പരിശോധിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. 15 മിനുട്ടിന്റെ മാത്രം കാര്യമാണെന്നും ഇതിൽ ഉത്ണ്ഠപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് സമസ്ത പ്രതികരിച്ചിരുന്നു. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുന്നതിന് ചർച്ചകൾ നടത്താമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പ്രതീക്ഷ നൽകുന്നതാണെന്നും മദ്രസ സമയത്തിൽ മാറ്റം വരുത്തില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം.

Similar Posts