< Back
Kerala
Death representative image
Kerala

ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

Web Desk
|
5 March 2024 2:02 PM IST

ഇന്നലെ രാത്രിയാണ് സരിതയുടെ സുഹൃത്ത് ബിനു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് പൊട്രോള്‍ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മേലെസൗധത്തില്‍ സരിതയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സരിതയുടെ പരിചയക്കാരനായ ബിനു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല.

സരിതയും ബിനുവും വര്‍ഷങ്ങളായി പരിചയക്കാരാണ്. ബിനുവിന്റെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ആയയാണ് സരിത. ഇന്നലെ രാത്രിയോടെ സരിതയുടെ വീട്ടിലെത്തിയ ബിനുവുമായി വാക്ക് തര്‍ക്കമുണ്ടായി. പിന്നാലെ കന്നാസില്‍ കരുതിയിരുന്ന പെട്രോള്‍ സരിതയുടെ ദേഹത്തേക്ക് ഒഴിച്ചു തീ കൊളുത്തി. സരിത തടയായാന്‍ ശ്രമിക്കുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. സരിതയുടെ മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ സരിത ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. പൊള്ളലേറ്റ ബിനു വീടിന് സമീപത്തെ കിണറ്റില്‍ ചാടി. ഇയാളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സരിതയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിനു എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വാഹനത്തില്‍ നിന്ന് വെട്ടുക്കത്തിയും മുളക് പൊടിയും കണ്ടെത്തി. അഞ്ച് ലിറ്റര്‍ പെട്രോളുമായി എത്തിയാണ് ബിനു സരിതയെ തീകൊളുത്തിയത്. ഇരുവരും പരിചയക്കാരാണെങ്കിലും കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. ബിനുവിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Similar Posts