< Back
Kerala
29 വർഷം മുമ്പ് റാഗിങ്ങിനിരയായി ജീവിതം തകർന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി സാവിത്രി
Kerala

29 വർഷം മുമ്പ് റാഗിങ്ങിനിരയായി ജീവിതം തകർന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി സാവിത്രി

Web Desk
|
19 March 2025 12:32 PM IST

റാഗിങ്ങിനെ തുടർന്ന് സാവിത്രിയുടെ മനോനിലയിൽ മാറ്റംവന്നിരുന്നു.

കാസർകോട്: 29 വർഷം മുമ്പ് ക്രൂരമായ റാഗിങ്ങിൽ ജീവിതം തകർന്നുപോയ കാസർകോട് ചെറുവത്തൂർ മയിച്ച വെങ്ങാട്ടെ സാവിത്രി (45) മരണത്തിന് കീഴടങ്ങി 16ാം വയസിൽ കാഞ്ഞങ്ങാട്ടെ പ്രീഡി​ഗ്രി പഠനകാലത്താണ് സാവിത്രി റാഗിങ്ങിനിരയായത്.

റാഗിങ്ങിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു സാവിത്രി. 1980ലായിരുന്നു ജനനം. ഒരു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മ കൂലിപ്പണിയെടുത്താണ് സാവിത്രിയടക്കം നാല് പെൺമക്കളേയും പോറ്റിയത്. ചെറുപ്രായത്തിൽ തന്നെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ചിരുന്ന സാവിത്രി 1996ൽ കുട്ടമത്ത് സ്‌കൂളിൽനിന്ന് ഫസ് ക്ലാസോടെ എസ്എസ്എൽസി പരീക്ഷ പാസായി.

അതേ വർഷം കാഞ്ഞങ്ങാട് നെഹ്രു കോളജിൽ പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പിൽ മെറ്റിറ്റിൽ അഡ്മിഷൻ ലഭിച്ചു. ഡോക്ടറാകണമെന്നായിരുന്നു സാവിത്രിയുടെ ആ​ഗ്രഹം. എന്നാൽ ക്ലാസ് തുടങ്ങി മൂന്നാം നാളായിരുന്നു സാവിത്രി റാഗിങ്ങിന് ഇരയായതും പിന്നാലെ ജീവിതം തന്നെ കീഴ്‌മേൽ മറിഞ്ഞതും.

റാഗിങ്ങിനെ തുടർന്ന് സാവിത്രിയുടെ മനോനിലയിൽ മാറ്റംവന്നു. അതോടെ പഠനവും നിലച്ചു. പിന്നീട് വീട്ടിൽനിന്ന് പുറത്തിറങ്ങാതായ സാവിത്രി മനസ് കൈവിട്ട നിമിഷത്തിൽ സ്വയം ഇടതുകണ്ണ് കുത്തിപ്പൊട്ടിച്ച് ജീവിതം ഇരുട്ടിലാക്കുകയായിരുന്നു.

പിന്നീട് നിരവധി വർഷക്കാലം വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചായിരുന്നു ചികിത്സാ തുക കണ്ടെത്തിയത്. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും താമസിക്കാൻ അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ മഞ്ചേശ്വരം സ്‌നേഹാലയം റീഹാബിലിറ്റേഷൻ സെന്ററിൽ എത്തിച്ചു.

ന്യൂമോണിയ ബാധിച്ച് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അസുഖം മാറി തിരിച്ചെത്തുമ്പോഴേക്കും വീട് ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ അതിനു കാത്തുനിൽക്കാതെ സാവിത്രി കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Similar Posts