
'സ്ത്രീകള്‍ പരാതി നല്‍കി എന്നത് അടിസ്ഥാനരഹിതം'; ഉണ്ണി മുകുന്ദന്റെ ആരോപണങ്ങളെ തള്ളി മുൻ മാനേജർ
|ഉണ്ണി മുകുന്ദനോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും അഞ്ച് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വിപിൻ കുമാർ പറഞ്ഞു
കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ ആരോപണങ്ങളെ തള്ളി മുൻ മാനേജർ വിപിൻ കുമാർ. സിനിമയിൽ നിന്നുള്ള സ്ത്രീകൾ തനിക്കെതിരെ അമ്മയ്ക്കും ഫെഫ്കയ്ക്കും പരാതി നൽകിയെന്ന് പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് വിപിൻ കുമാർ പറഞ്ഞു.
അത്തരം പരാതികളെ കുറിച്ച് തനിക്ക് അറിവില്ല. താൻ ഉണ്ണി മുകുന്ദനോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും അഞ്ച് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വിപിൻ കുമാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
തനിക്കെതിരായ ആരോപണങ്ങൾ ഉണ്ണി മുകുന്ദൻ തള്ളിയിരുന്നു. കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാർഥ്യമാണെന്നും എന്നാൽ മർദിച്ചിട്ടില്ലായെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവർത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിൻ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കോളിൽ മോശമായി സംസാരിച്ചുവെന്നും നിലവിൽ അതിലാണ് പരാതി നൽകിയതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. വിപിൻ ഫെഫ്കയിൽ അംഗമല്ല. സിനിമ മേഖലയിലെ നിരവധി സ്ത്രീകൾ വിപിനെതിരെ സിനിമ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ തെളിവില്ലായിരുന്നു. രണ്ട് നടിമാർ വിപിൻ കുമാറിനെതിരെ നൽകിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചിരുന്നു.