< Back
Kerala
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: സ്വർണ്ണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ജീവനക്കാരുടെ മൊഴി
Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: സ്വർണ്ണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ജീവനക്കാരുടെ മൊഴി

നബിൽ ഐ.വി
|
11 May 2025 2:43 PM IST

പൊലീസ് ഗാർഡിന്റെ സാന്നിധ്യമില്ലാതെ സ്വർണം കൈകാര്യം ചെയ്തെന്നാണ് മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ജീവനക്കാരുടെ മൊഴി. പൊലീസ് ഗാർഡിന്റെ സാന്നിധ്യമില്ലാതെ സ്വർണം കൈകാര്യം ചെയ്തെന്നാണ് മൊഴി. സ്വർണം കാണാതായ കേസിൽ കൂടുതൽ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്ട്രോങ്ങ്‌ റൂമിന്റെ ഓടുകൾ പഴകിയ നിലയിലെന്നുമാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള താഴികക്കുടങ്ങൾ സ്വർണം പൂശുന്ന ജോലികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്നുണ്ട്. ഓരോ ദിവസവും പണിക്ക് വേണ്ട സ്വർണം അളന്ന് തൊഴിലാളികൾക്ക് നൽകും. ഇന്നലെയും ഇത്തരത്തിൽ സ്വർണം തൂക്കിയപ്പോൾ 107 ഗ്രാം സ്വർണം കാണാൻ ഇല്ലെന്ന് മനസിലായി. മെയ് ഏഴാം തീയതി ആണ് അവസാനമായി ക്ഷേത്രത്തിൽ ജോലി നടന്നത്. അന്നത്തെ പണി പൂർത്തിയാക്കി ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. ലോക്കർ പൊളിച്ചിട്ടില്ല എന്നതിനാൽ ക്ഷേത്രത്തിനുള്ളിൽ ഉള്ളവർ ആകാം പ്രവർത്തിക്കു പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്.

Similar Posts