< Back
Kerala
കേരളത്തിൽ പൊലീസിന് കയറാൻ കഴിയാത്ത 24 സ്ഥലങ്ങളുണ്ട്; ആരോപണവുമായി കെ സുരേന്ദ്രൻ
Kerala

കേരളത്തിൽ പൊലീസിന് കയറാൻ കഴിയാത്ത 24 സ്ഥലങ്ങളുണ്ട്; ആരോപണവുമായി കെ സുരേന്ദ്രൻ

Web Desk
|
19 Dec 2021 11:31 AM IST

"പിഎഫ്‌ഐയുടെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേരള പൊലീസിലെ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല"

കോഴിക്കോട്: കേരളത്തിലെ 24 സ്ഥലങ്ങളിൽ കേരള പൊലീസിന് അവരുടെ അധികാരമുപയോഗിച്ച് കയറാനേ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

'പിഎഫ്‌ഐയുടെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേരള പൊലീസിലെ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. കേരളത്തിലെ 24 സ്ഥലങ്ങളിൽ കേരള പൊലീസിന് സമൻസ് കൊടുക്കാൻ പറ്റില്ല. പൊലീസിന് കേസന്വേഷിച്ചു പോകാനോ പ്രതികളെ അറസ്റ്റു ചെയ്യാനോ പറ്റില്ല. അങ്ങനെ പ്രത്യേക തുരുത്താക്കി വച്ചിരിക്കുകയാണ്. എന്താണ് പിണറായി വിജയൻ കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്.'- അദ്ദേഹം ചോദിച്ചു. ഏതൊക്കെയാണ് 24 സ്ഥലങ്ങൾ എന്ന ചോദ്യത്തിന് ഇഷ്ടം പോലെ എന്നു മാത്രമായിരുന്നു സുരേന്ദ്രന്റെ മറുപടി.

'പൊലീസ് എവിടെയാണ് സജീവമായി ഇടപെട്ടിട്ടുള്ളത്. കേസുകൾ ശരിയായി അന്വേഷിക്കുമായിരുന്നെങ്കിൽ ഈ കൊലപാതകങ്ങൾ ഉണ്ടാകുമായിരുന്നില്ല. മാർക്‌സിസ്റ്റ് പാർട്ടിയുടെ പല യുവനേതാക്കളും പച്ചയായ വർഗീയതയാണ് നാട്ടിൽ പറയുന്നത്. കശ്മീരിനേക്കാൾ കൂടുതൽ ഭീകരവാദികൾ അവരുടെ താവളമാക്കി വച്ചിരിക്കുന്നത് കേരളത്തെയാണ്. ഈ സർക്കാർ അവർക്ക് തണൽ ഒരുക്കുന്നു എന്നതാണ് അതിനു കാരണം. സിപിഎമ്മിന്റെ സഹായത്തോടെയാണ് പിഎഫ്‌ഐ കേരളത്തിൽ ശക്തി പ്രാപിക്കുന്നത്.'- അദ്ദേഹം ആരോപിച്ചു.

മതസംഘടനകളുടെ പേരിൽ ആംബുലൻസ് സർവീസ് നടത്തുന്നത് പിഎഫ്‌ഐ പ്രവർത്തകരാണ്. പല കടകളിലും പിഎഫ്‌ഐ ആളുകളെ റിക്രൂട്ട് ചെയ്തിരിക്കുകയാണ്. പൊലീസ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Related Tags :
Similar Posts