
ജമാഅത്തെ ഇസ്ലാമി കുറെയുണ്ടല്ലോ?, കേരള ജമാഅത്തെ ഇസ്‌ലാമി എന്ന് പറഞ്ഞല്ലേ എപിയുടെ ജാഥ: എ.കെ ബാലൻ
|ഏത് ജമാഅത്തെ ഇസ്‌ലാമിയെയാണ് ഉദ്ദേശിച്ചതെന്ന് ചോദ്യത്തിന്, അത് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു എ.കെ ബാലന്റെ മറുപടി.
പാലക്കാട്: ജമാഅത്തെ ഇസ്ലാമി കുറെയുണ്ടല്ലോ എന്നും താൻ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരളാ ചാപ്റ്ററിന്റെ പേര് പറഞ്ഞിട്ടില്ലെന്നും മുൻമന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ. ജമാഅത്ത് പരമാർശം വിവാദമാവുകയും വക്കീൽ നോട്ടീസ് ലഭിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.കെ ബാലന്റെ ഉരുണ്ടുകളി.
'എനിക്ക് വക്കീൽ നോട്ടീസ് അയച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരളാ ചാപ്റ്റർ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരിനെ ഞാൻ അപമാനിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞിട്ടേയില്ല. അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയുടെ പേര് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചാപ്റ്റർ എന്നാണ്. ജമാഅത്തെ ഇസ്ലാമി കുറെയുണ്ടല്ലോ. കേരള ജമാഅത്തെ ഇസ്‌ലാമി എന്ന് പറഞ്ഞല്ലേ എപിയുടെ ജാഥ'- എ.കെ ബാലൻ അഭിപ്രായപ്പെട്ടു.
എന്നാൽ അത് മുസ്‌ലിം ജമാഅത്താണെന്ന് മാധ്യമപ്രവർത്തകർ തിരുത്തിയപ്പോൾ, കശ്മീരിൽ ജമാഅത്തുണ്ടെന്നും ബംഗ്ലാദേശിലും പാകിസ്താനിലുമുണ്ടെന്നും നിരവധിയുണ്ടെന്നും എ.കെ ബാലൻ അവകാശപ്പെട്ടു. 'നിയമപരമായി മറുപടി കൊടുക്കുന്ന സമയത്ത് ശ്രദ്ധിച്ചോളൂ, ഈ സംഘടനയെ പറഞ്ഞിട്ടില്ല, ഈ സംഘടനയുടെ പേരേ പറഞ്ഞിട്ടില്ല, ഈ സംഘടനയ്ക്ക് എതിരായും പറഞ്ഞിട്ടില്ല'- ബാലൻ പറഞ്ഞു.
ഏത് ജമാഅത്തെ ഇസ്‌ലാമിയെയാണ് ഉദ്ദേശിച്ചതെന്ന് ചോദ്യത്തിന്, അത് നിങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു എ.കെ ബാലന്റെ മറുപടി. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ചാപ്റ്ററിനെ കുറിച്ച് താൻ പറഞ്ഞിട്ടില്ല. വർഗീയ ശക്തികളുമായി ബന്ധപ്പെട്ട് ഏത് സർക്കാർ അധികാരത്തിൽ വന്നാലും അവർ സ്വാധീനിക്കും. ആ അർഥത്തിലാണ് താൻ അത് പറഞ്ഞത്. താൻ പറഞ്ഞ ജമാഅത്ത് ഏതാണെന്ന് കോടതിയിൽ വ്യക്തിമാക്കിക്കോളാം. സാങ്കേതികമായി താൻ അവരുടെ പേര് പറഞ്ഞിട്ടില്ല- ബാലൻ അവകാശപ്പെട്ടു.