വേടന്‍ Photo-Sark Live''ആർഎസ്എസുകാർ വെട്ടിക്കൊന്ന പഴനി ബാബയുടെ ഫോട്ടോയുമുണ്ടായിരുന്നു, പക്ഷേ പിടിക്കാൻ വന്ന പൊലീസുകാർക്ക് മനസിലായില്ല, കണ്ടിരുന്നുവെങ്കില്‍ ഇസ്‌ലാം ഭീകരവാദിയാക്കിയേനെ''; വേടൻ
|''ചുമരിൽ നിറച്ച് ഇഷ്ടപ്പെട്ട സാമൂഹിക നേതാക്കളുടെ പടമൊക്കെയുണ്ടായിരുന്നു. അതിൽ പ്രഭാകരന്റെ ഫോട്ടോയാണ് പൊലീസുകാര്‍ കണ്ടത്''
തിരുവനന്തപുരം: തന്നെ പിടിക്കാനെത്തിയ പൊലീസ് കണ്ടത് വേലുപ്പിള്ള പ്രഭാകരന്റെ ഫോട്ടോയാണെന്നും ഒപ്പമുണ്ടായിരുന്ന പഴനി ബാബയുടെ ചിത്രം തിരിച്ചറിയാത്തത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ഇസ്‌ലാം ഭീകരവാദിയാക്കിയേനെയെന്നും വേടന്‍.
''ചുമരിൽ നിറച്ച് ഇഷ്ടപ്പെട്ട സാമൂഹിക നേതാക്കളുടെ പടമൊക്കെയുണ്ടായിരുന്നു. അതിൽ പ്രഭാകരന്റെ ഫോട്ടോയാണ് ഇവര് കണ്ടത്. അതോടെ പൊലീസുകാർ ബേജാറായി, തമിഴ്പുലിയാണോ എന്നൊക്കെ അവർക്ക് തോന്നിക്കാണും''- വേടൻ പറഞ്ഞു. ഇതേ പൊലീസുകാര്‍ക്ക് തന്നെ ഫോട്ടോയിലുള്ള ഫൂലൻ ദേവിയെ കണ്ടിട്ട് മനസിലായില്ല. അതിൽ തന്നെയാണ് പഴനി ബാബയുടെ പടവുമുണ്ടായിരുന്നതെന്നും വേടൻ പറഞ്ഞു.
വേടന്‍ പറയുന്നത് ഇങ്ങനെ; ''പഴനി ബാബ എന്നൊരു രാഷ്ട്രീയക്കാരനുണ്ടായിരുന്നു തമിഴ്‌നാട്ടിൽ. ആർഎസ്എസ് വെട്ടിക്കൊല്ലുകയായിരുന്നു അദ്ദേഹത്തെ. ഇന്ത്യൻ ഇസ്‌ലാം പൊളിറ്റിക്‌സിന്റെ അടിസ്ഥാനം പഠിക്കണമെന്നുണ്ടെങ്കിൽ പഴനി ബാബയെക്കുറിച്ച് പഠിക്കണം എന്നാണ് പിള്ളേരുടെ അടുത്ത് ഞാന്‍ പറയാറ്. അദ്ദേഹത്തിന്റെ പ്രസംഗമൊക്കെ കേൾക്കേണ്ടതാണ്. ചിലയാളുകളൊക്കെ അദ്ദേഹത്തിന്റെ പ്രസംഗം അക്രമാസക്തമാണെന്നൊക്കെ പറയാറുണ്ട്.
ഇവിടെയുള്ള ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കണമെന്നാണ് അദ്ദേഹം പറയാറ്. സനാതന ധര്‍മത്തിനെതിരെ പോരാടണമെന്നും തുല്യത ഒരിക്കലും അതിലൂടെ ലഭിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. എംജിആറുമായി വളരെ അടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. എംജിആറിനെക്കാൾ വയസ് കുറവായിട്ടും അദ്ദേഹത്തെ 'ഡേയ് തൊപ്പി' എന്നൊക്കെയാണ് വിളിച്ചിരുന്നത്. അത്രക്കും അടുപ്പമായിരുന്നു. ഇവർ തമ്മിൽ തെറ്റിയ ശേഷം നൂറു കേസുകളെങ്കിലും എടുത്തിട്ടുണ്ടാവും. സോണിയാ ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്നു.
അയാളുടെ ഫോട്ടോ ഒക്കെ ഇവിടെയുണ്ടായിരുന്നു. പക്ഷേ വന്ന പൊലീസുകാർക്ക് മനസിലായില്ല. അവര് കണ്ടത് വേലുപ്പിള്ള പ്രഭാകരന്റെ ഫോട്ടോയാണ്. അല്ലെങ്കിൽ ഞാൻ ഇസ്‌ലാം ഭീകരവാദി കൂടിയായെനെ''- ഇങ്ങനെയായിരുന്നു വേടന്റെ വാക്കുകള്‍. സാർക്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.