
'അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല'; എം.വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി
|തലകുനിക്കാതെ രാഷ്ട്രീയം പറയാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: ആർഎസ്എസ് ബന്ധം സംബന്ധിച്ച പരാമർശത്തിൽ എം.വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ അദ്ദേഹം തന്നെ വിശദീകരിച്ചതാണ്. സാധാരണഗതിയിൽ വിവാദം അവിടെ തീരേണ്ടതാണ്. സിപിഎം തങ്ങളുടെ രാഷ്ട്രീയം എവിടെയും തുറന്നുപറയാറുണ്ട്. അത് എവിടെയും മറച്ചുവെക്കാറില്ല. തലകുനിക്കാതെ രാഷ്ട്രീയം പറയാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശത്രുവിന്റെ ആക്രമങ്ങൾ പലതും തങ്ങൾക്ക് നേരെ വന്നിട്ടുണ്ട്. അതിനെ പ്രതിരോധിക്കാൻ എല്ലാകാലത്തും സിപിഎം തയ്യാറായിട്ടുണ്ട്. തങ്ങളാരും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. ആർഎസ്എസ് ആരാധിക്കുന്ന ചിത്രങ്ങൾക്കു മുമ്പിൽ ആരാണ് താണുവണങ്ങുന്നത് എന്ന ചിത്രങ്ങൾ നമ്മൾ നേരത്തെ കണ്ടിട്ടുണ്ട്. അത്തരം ഒരു പാർട്ടിയല്ല സിപിഎം, എല്ലാ വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവസരവാദ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളെയും നേരിട്ടാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് ആർഎസ്എസ്. ഇതിൽ ഒരാളുടെയെങ്കിലും കാര്യത്തിൽ ആർഎസ്എസ് ചെയ്തത് ശരിയായില്ല എന്ന് കോൺഗ്രസ് ഏതെങ്കിലും ഘട്ടത്തിൽ പറഞ്ഞിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശാഖ്ക്ക് കാവൽ നിൽക്കുന്നതാണ് തങ്ങളുടെ പണി എന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റ് ആണ്. ഏറ്റവും വിശ്വസിക്കാവുന്ന മിത്രം എന്ന് കണ്ടതുകൊണ്ടല്ലേ ആർഎസ്എസ് നേതാക്കൾ കോൺഗ്രസിനെ സമീപിച്ചത്. ഏതെങ്കിലും വിവാദമുണ്ടാക്കി ആർഎസ്എസുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെ ചിത്രീകരിക്കാം എന്ന് പറഞ്ഞാൽ അത് അത്ര വേഗം ഏശുന്ന കാര്യമല്ല. ആർഎസ്എസിന്റെ ഫാസിസ്റ്റ് നിലപാടുകളുമായി യോജിപ്പില്ല. തങ്ങളെ കൊല്ലാൻ കത്തിയുമായി നിൽക്കുന്ന വർഗീയ കൂട്ടത്തോട് ഒരു സന്ധിയില്ല. ഇന്നലെയും ഇന്നും നാളെയും ആർഎസ്എസുമായി യോജിക്കില്ല. ഒരു വർഗീയശക്തിയോടും ഐക്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭം നടത്തിയത് ആരുടെയും തണലിലല്ല. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആർഎസ്എസും തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടില്ല. ജനതാ പാർട്ടിയും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള വിശാല ഐക്യമുന്നണിയിൽ നിന്നാണ് ഇത് ഉയർന്നുവന്നത്. സിപിഎം ജനതാ പാർട്ടിയിൽ ലയിച്ചിട്ടില്ല. സിപിഎം സ്വന്തം നില്ക്ക് സമരം ചെയ്യുകയാണ് ചെയ്തത്.
അന്ന് ആർഎസ്എസിന് ഇന്ദിരാഗാന്ധിയുമായും കോൺഗ്രസുമായും എന്തു ബന്ധമാണ് ഉണ്ടായത് എന്ന് നീരജ ചൗധരി 'ഹൗ പ്രൈംമിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ഇത് തീർച്ചയായും പ്രതിപക്ഷ നേതാവിന് അറിയാതിരിക്കാൻ വഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.