< Back
Kerala
KGMOA
Kerala

കലോത്സവ നഗരിയില്‍ ഡോക്ടറുടെ സേവനമുണ്ടാകില്ല; സഹകരിക്കില്ലെന്ന് ഡിഎംഒയ്ക്ക് കത്ത് നല്‍കി

Web Desk
|
4 Jan 2025 8:12 AM IST

ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം

തിരുവനന്തപുരം: നിസ്സഹകരണ സമരത്തെ തുടർന്ന് 25 കലോത്സവ വേദികളിലും ഡോക്ടറുടെ സേവനം ഉണ്ടാകില്ല. സഹകരിക്കില്ലെന്ന് ഡോക്ടർമാർ ഡിഎംഒയ്ക്ക് കത്ത് നല്‍കി. ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം.

അതേസമയം ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വേദികളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരുടേത് സമ്മർദ്ദ തന്ത്രമെന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡോക്ടർമാരുടേത് വാർത്ത സൃഷ്ടിച്ച് ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു.

ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ഡി. നെൽസണെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് അച്ചടക്ക നടപടിക്കും തുടരന്വേഷണത്തിനും വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരമായിരുന്നു നടപടി.



Similar Posts