< Back
Kerala
Third round of talks with Asha Workers End, Strike will Continue
Kerala

തീരുമാനമാവാതെ ആശമാരുമായുള്ള മൂന്നാംഘട്ട ചർച്ച; തൃപ്തരല്ലെന്ന് സമരക്കാർ; 'ഓണറേറിയം തീരുമാനിക്കേണ്ടത് കമ്മിറ്റിയല്ല'

Web Desk
|
3 April 2025 6:46 PM IST

'ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യം നൽകലും സംബന്ധിച്ച് ചർച്ചയിൽ തീരുമാനമായില്ല'.

തിരുവനന്തപുരം: വേതന വർധനയുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി നടന്ന മന്ത്രിതല ചർച്ച ഇന്നും തീരുമാനമാവാതെ പിരിഞ്ഞു. ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ആശാ വർക്കർമാരെ കൂടാതെ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളും പങ്കെടുത്തു. ഓണറേറിയം, പെൻഷൻ എന്നിവയിൽ ഇന്നത്തെ ചർച്ചയിലും ധാരണയായില്ല. ചർച്ച നാളെയും തുടരും.

ചർച്ചയിൽ തങ്ങൾ തൃപ്തരല്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാവ് എസ്. മിനി പറഞ്ഞു. കഴിഞ്ഞ രണ്ട് ചർച്ചയിലേയും പോലെ, ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യം നൽകലും സംബന്ധിച്ച് തീരുമാനമായില്ല. ഒരു കമ്മിറ്റിയെ വയ്ക്കാമെന്ന മന്ത്രിയുടെ നിർദേശത്തെ തങ്ങളെതിർത്തെന്നും അവർ പ്രതികരിച്ചു.‌‌

കമ്മിറ്റിയെ വച്ചല്ല ഓണറേറിയം വർധിപ്പിക്കേണ്ടത്. 3000 രൂപ കൂടി ഓണറേറിയം വർധിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് പോലും അം​ഗീകരിച്ചില്ലെന്നും ഇനിയുള്ള നീക്കങ്ങൾ സമരമസമിതിയിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മിനി വ്യക്തമാക്കി.

'സർക്കാർ കൂടെയുണ്ടെന്നും ഓണറേറിയം വർധിപ്പിക്കാൻ താത്പര്യമുണ്ടെന്നും കഴിഞ്ഞ രണ്ട് ചർച്ചയിലും കേട്ടതാണ്. പക്ഷേ അങ്ങനെ പറയുന്നതല്ലാതെ ഒരു നടപടിയും ഈ നിമിഷം വരെ കൈക്കൊണ്ടിട്ടില്ല. ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും അടിയന്തരമായി പരിഗണിക്കണമെന്നും മറ്റ് വിഷയങ്ങളിൽ കമ്മിറ്റി ആവാമെന്നും തങ്ങൾ പറഞ്ഞു. അതും പരിഗണിച്ചില്ല'- മിനി കൂട്ടിച്ചേർത്തു.

അതേസമയം, ആശാവഹമായ പുരോഗതിയാണ് ചർച്ചയിൽ ഉണ്ടായതെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഒരു കമ്മിറ്റിയെ വയ്ക്കാമെന്നാണ് സർക്കാർ അറിയിച്ചത്. ആരോഗ്യ, ധന, തൊഴിൽ വകുപ്പിലെ ഉന്നതർ കമ്മിറ്റിയിൽ ഉണ്ടാവും എന്ന് മന്ത്രി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശമാരുടെ പ്രശ്നപരിഹാരത്തിന് കമ്മിറ്റിയെ വയ്ക്കാമെന്ന് സമരക്കാരെ അറിയിച്ചതായും മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് പറഞ്ഞതായും ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സമരം ചെയ്യുന്നവർ ആലോചിച്ച് പറയാം എന്ന് പറഞ്ഞു. എല്ലാ വിഷയവും കമ്മിറ്റി ചർച്ച ചെയ്യട്ടെ. സമരക്കാരോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു. ആശമാരോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളത്.

സമരക്കാരെ നാളെ ചർച്ചയ്ക്ക് വിളിക്കാമെന്നല്ല, നിലപാട് അറിയിക്കാനാണ് അവരോട് പറഞ്ഞത്. സർക്കാർ പരിഹാര മാർ​ഗമാണ് മുന്നോട്ടുവച്ചത്. ഇത് അംഗീകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്. സർക്കാർ കമ്മിറ്റിയുമായിട്ട് മുന്നോട്ടുപോകും. ഓണറേറിയം കൂട്ടില്ല എന്നല്ല സർക്കാരിന്റെ നിലപാട്. ഇക്കാര്യവും സമരക്കാരെ അറിയിച്ചതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Similar Posts