< Back
Kerala
thrissur pooram disruption
Kerala

പൂരം കലക്കല്‍; തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

Web Desk
|
4 Nov 2024 6:24 AM IST

തൃശൂർ പോലീസ് ക്ലബ്ബിൽ വച്ചാണ് ഗിരീഷ് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തുക

തൃശൂര്‍: പൂരം കലക്കൽ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മുൻപിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ ഇന്ന് ഹാജരാകും. തൃശൂർ പോലീസ് ക്ലബ്ബിൽ വച്ചാണ് ഗിരീഷ് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തുക.

പൊലീസിനു മുൻപിൽ സത്യസന്ധമായി മൊഴി നൽകുമെന്നും രേഖകളെല്ലാം കയ്യിൽ കരുതിയിട്ടുണ്ടെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. പൂരം എങ്ങനെ ഭംഗിയായി നടത്താമെന്ന മൊഴി ആകും നൽകുക . വേറൊരു രാഷ്ട്രീയ തലത്തിലേക്ക് ഇതിനെ കൊണ്ടുപോകരുത്. ദേവസ്വങ്ങളിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളിൽ മറ്റ് ദേവസ്വം ഭാരവാഹികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക അന്വേഷണസംഘം സർക്കാർ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിവൈഎസ്പി , എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ , മെഡിക്കൽ ഉദ്യോഗസ്ഥർ , ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ഉദ്യോഗസ്ഥർ മുൻ കമ്മീഷണർ അങ്കിത് അശോകിനെതിരായി മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും മൊഴിയെടുത്തിരുന്നു. മെഡിക്കൽ സംഘത്തോട് മുൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക് ഫോണിൽ കയർത്തെന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. തൃശൂർ പൂരദിനത്തിലെ രാവിലത്തെ ആംബുലൻസിൻ്റെ ഓട്ടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കമുണ്ടായത്. ആംബുലൻസ് എം.ജി റോഡിൽ ഓടിയതു കണ്ടപ്പോഴാണ് മെഡിക്കൽ സംഘത്തെ ശകാരിച്ചത്. ആംബുലൻസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആംബുലൻസ് നിയന്ത്രിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കൽ സംഘത്തെ ശകാരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി.

തൃശൂർ പൂരത്തിനിടയിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടോ എന്നാണ് ഉദ്യോഗസ്ഥരോട് അന്വേഷണസംഘം ചോദിക്കുന്നത്. പൂരം നടത്തിപ്പിലെ ഉദ്യോഗസ്ഥവീഴ്ചയാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സംഭവത്തിൽ നേരത്തെ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.



Similar Posts