
തദ്ദേശ തെരഞ്ഞെടുപ്പ് തിരുവനന്തപുരം കോർപറേഷൻ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
|മുൻ ഡിജിപി ആർ. ശ്രീലേഖയും വി.വി രാജേഷും മേയർ സ്ഥാനാർഥികളാകും
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. മുൻ ഡിജിപി ആർ.ശ്രീലേഖയും വി.വി.രാജേഷും മേയർ സ്ഥാനാർഥികളാകും. കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി ശബരീനാഥനെതിരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. പാളയത്ത് മുൻ അത്‍ലറ്റ് പദ്മിനി മത്സരത്തിനിറങ്ങും.
കൊടുങ്ങാനൂരിൽ വി.വി രാജേഷും മുൻ ഡിജിപി ശാസ്തമംഗലം വാർഡിൽ നിന്നുമാണ് മത്സരിക്കുക. മേയർ സ്ഥാനാർഥികളാകാൻ ഇവർ രണ്ടുപേർക്കുമാണ് കൂടുതൽ സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ, പാളയത്ത് മുൻ അത്‍ലറ്റ് പദ്മിനി ബിജെപിക്കുവേണ്ടി മത്സരിക്കും. തമ്പാനൂരിൽ മുൻ കോൺഗ്രസ് നേതാവ് കൂടിയായ സതീഷ് കളത്തിലിറങ്ങും.
തിരുമല അനിലിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങൾ കാരണം ഏറെ പ്രതിസന്ധികൾക്കിടയായ തിരുമല വാർഡിൽ ദേവ് പി.എസ് മത്സരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
കോൺഗ്രസ് പ്രഖ്യാപിച്ച മേയർ സ്ഥാനാർഥി ശബരീനാഥന്റെ എതിരാളിയാരാണെന്ന് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാംഘട്ടത്തിലായിരിക്കും പ്രഖ്യാപനമെന്നാണ് സൂചന.