< Back
Kerala
ബിജെപി കൗൺസിലറുടെ മരണം; വിശദമായ അന്വേഷണത്തിന് പൊലീസ്
Kerala

ബിജെപി കൗൺസിലറുടെ മരണം; വിശദമായ അന്വേഷണത്തിന് പൊലീസ്

Web Desk
|
21 Sept 2025 6:29 AM IST

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് പ്രതിസന്ധി അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും. ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധിയെന്നാണ് പ്രാഥമിക നിഗമനം. രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് പ്രതിസന്ധി അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അതേസമയം, അനിലിന്റെ സംസ്കാരം ഇന്ന്.

അനിൽ പ്രസിഡന്റായ ജില്ലാ ഫാം ടൂറിസം സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിക്കും. സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് അനിലിന്റെ ആത്മഹത്യക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സൊസൈറ്റിയിലെ സഹപ്രവർത്തകർ ഒറ്റപ്പെടുത്തിയെന്നും മാനസിക വിഷമത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് അനിൽ കുറിപ്പെഴുതി വെച്ചിരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നേരിൽകണ്ട് സാമ്പത്തിക പ്രശ്നത്തെക്കുറിച്ച് അനിൽ വിശദീകരിച്ചിരുന്നു. എന്നാൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് അനിൽ ആത്മഹത്യ ചെയ്തത്. അനിലിന്റെ സംസ്കാര ചടങ്ങ് ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങുകൾ നടക്കുക.

അതേസമയം, കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ ബിജെപിയുടെ വാദങ്ങൾ തള്ളി പൊലീസ്. നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതിൽ സൊസൈറ്റിയാണ് പരാതി നൽകിയത്. പരാതിക്കാരനുമായി സംസാരിച്ച് അനിൽ ഒത്തുതീർപ്പിലെത്തിയതായും അതിന് ശേഷം ഒരിക്കൽപ്പോലും അനിലിനെ വിളിച്ചുവരുത്തിയിട്ടില്ലെന്നും പൊലീസ്. അനിലിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു BJP യുടെ ആരോപണം. നാളെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് BJP മാർച്ച്‌ നടത്തും.

Similar Posts