
'എന്റെ വിമർശനം രാഷ്ട്രീയമാണ്, അഭിനയത്തെയല്ല വിമർശിച്ചത്..' രമേഷ് പിഷാരടിയെ കോമാളിയെന്ന് വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്
|ഫലസ്തീന്‍ സംഘര്‍ഷങ്ങളെ ലഘൂകരിച്ച് പറഞ്ഞതിനെയാണ് വിമര്‍ശിച്ചതെന്നും തോമസ് ഐസക്ക് വിശദീകരിച്ചു
പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് ഡോ.തോമസ് ഐസക്ക്. കോമാളിയെന്ന് വിളിച്ചതിലാണ് ഖേദപ്രകടനം നടത്തിയത്.
'കോമാളിയെന്ന പദപ്രയോഗം നടത്തിയത് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ട്. എന്റെ വിമർശനം രാഷ്ട്രീയമാണ്,അദ്ദേഹത്തിന്റെ അഭിനയ മികവിനെയല്ല ഞാൻ വിമർശിച്ചത്,ലോകത്തെയും രാജ്യത്തിലെയും കേരളത്തിലെയും ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മധ്യേഷ്യയിലെ പ്രതിസന്ധിയാണ്. അവിടുത്തെ പ്രതിസന്ധിയെക്കുറിച്ചും ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചും സിപിഎമ്മിനും കോണ്‍ഗ്രസിനും നിലപാടുണ്ട്. ഫലസ്തീനില്‍ പ്രശ്നമുണ്ടെങ്കില്‍ നമ്മളിവിടെയന്തിനാണ് കടിപിടികൂടുന്നത് എന്ന നിലപാടിനെയാണ് വിമര്‍ശിച്ചത്. പാലക്കാട്ട് ജയിക്കാന്‍ പോകുന്നത് എല്‍ഡിഎഫാണ്'- തോമസ് ഐസക്ക് പറഞ്ഞു.
കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നുമായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.''സമരം ചെയ്‌ത് കിട്ടുന്നതല്ല സംസ്‍കാരം. തനിക്ക് സംസ്കാരം ഉണ്ട്. മുതിർന്ന നേതാവായ തോമസ് ഐസക്കിനോട് സ്നേഹവും ബഹുമാനവും മാത്രമാണുള്ളത്. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ല.അഖിൽ മാരാർ എന്ത് പറയുന്നു എന്ന് താൻ നോക്കാറില്ല. ഇന്ന് പറഞ്ഞതല്ല അഖിൽ മാരാർ കുറച്ച് ദിവസം കഴിഞ്ഞ് പറയുക.കൂടുതൽ ഫ്ലക്സ് വെച്ചത് കൊണ്ട് സിനിമ അധികം ഓടണമെന്നില്ല. അത് പോലെയാണ് തെരഞ്ഞെടുപ്പും. മൗത്ത് പബ്ലിസിറ്റിയാണ് കൂടുതലായി വേണ്ടത് . അത് യുഡിഎഫിനുണ്ട്.' രമേഷ് പിഷാരടി പറഞ്ഞു.