< Back
Kerala
സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം: മന്ത്രി വി.ശിവൻകുട്ടി
Kerala

സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണം: മന്ത്രി വി.ശിവൻകുട്ടി

Web Desk
|
29 Jun 2025 1:37 PM IST

സൂംബ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കലിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

തിരുവനന്തപുരം: സൂംബയുടെ പേരിൽ കായികതാരങ്ങളെ അധിക്ഷേപിക്കുന്നവർ മാപ്പ് പറയണമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിവാദങ്ങൾക്കിടയിൽ സൂംബ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കലിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബിനെത്തി മന്ത്രി ഐക്യദാർഢ്യം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ആശങ്ക ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് പ്രതിപക്ഷം ഇന്നും ആവർത്തിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനത്തിൽ എതിരഭിപ്രായമുണ്ടെങ്കിൽ പ്രകടിപ്പിക്കാമെന്നും എന്നാൽ അക്കാദമി കാര്യങ്ങളിൽ ആജ്ഞാപിക്കാൻ ആർക്കും അവകാശമില്ലെന്നും വി.ശിവൻകുട്ടി പറഞ്ഞു. വർഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവാദങ്ങൾക്കിടയിൽ സൂംബ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കലിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഊർജ്ജമായ ചുവടുവെപ്പ്, ആരോഗ്യമുള്ള നാളെക്കായി എന്ന ക്യാപ്ഷനിലാണ് കുട്ടികളെ പങ്കെടുപ്പിച്ചു പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. മന്ത്രി ശിവൻകുട്ടിയെ ആവേശത്തോടേയാണ് കുട്ടികൾ സ്വീകരിച്ചത്.

അതേസമയം സൂംബയുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച നടത്തി പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ചു.

Similar Posts