
'എമ്പുരാനെ ഇന്ന് എതിർക്കുന്നവർ ആദ്യം അനുകൂലിച്ചവർ'; പ്രേംകുമാർ
|'സെൻസർ ബോർഡിന്റെ അനുമതി കിട്ടിയ ശേഷം പ്രദർശിപ്പിക്കുന്ന സിനിമയ്ക്കെതിരെ പ്രകോപനം ഉണ്ടായതിൽ രാഷ്ട്രീയമുണ്ട്'
തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. കലാകാരന്മാർക്ക് അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്നും സെൻസറിങ് സംവിധാനത്തോട് വ്യക്തിപരമായ അനുഭാവമില്ലെന്നും പ്രേംകുമാർ പറഞ്ഞു.
എമ്പുരാനെ ഇന്ന് എതിർക്കുന്നവർ ആദ്യം അനുകൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്. സെൻസർ ബോർഡ് ഭരണകൂട താല്പര്യങ്ങൾക്ക് വേണ്ടിയാണുള്ളത്. കേന്ദ്ര സർക്കാർ താൽപര്യങ്ങളാണ് സെൻസർ ബോർഡ് സംരക്ഷിക്കുന്നത്. സെൻസർ ബോർഡിന്റെ അനുമതി കിട്ടിയ ശേഷം പ്രദർശിപ്പിക്കുന്ന സിനിമയ്ക്കെതിരെ പ്രകോപനം ഉണ്ടായതിൽ രാഷ്ട്രീയമുണ്ട്. കേരളം സഹിഷ്ണുതയുള്ള സമൂഹമാണ്. മോഹൻലാലിൻ്റെ ഖേദപ്രകടനം അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് ഖേദം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമുണ്ട്. സിനിമയെ സിനിമയായി കാണണമെന്ന് പ്രേംകുമാർ വ്യക്തമാക്കി.
'മുരളി ഗോപിയുടെ തന്നെ മറ്റൊരു ചിത്രമാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. ആ സിനിമയ്ക്കെതിരെ കത്രിക വയ്ക്കണമെന്ന് ആരും പറഞ്ഞില്ല. എന്തുകൊണ്ടാണ് ഇപ്പൊൾ ഇത്ര അസഹിഷ്ണുത ഉണ്ടാക്കുന്നത് എന്നറിയില്ല. കല ഒന്നിപ്പിനുവേണ്ടി നിലനിൽക്കുന്നതാണ്. അതൊരിക്കലും ഭിന്നിപ്പിന് വേണ്ടിയുള്ളതല്ല. ആ നിലയിലുള്ള ഔചിത്യം കലാകാരന്മാരുടെ ഭാഗത്തുനിന്നും വേണം. കലാകാരന്മാർ ഔചിത്യം പുലർത്തേണ്ടതുണ്ട്. സിനിമയെ സിനിമയായി കാണാൻ ശേഷിയുള്ള സമൂഹമാണ് നമ്മുടേത്. നിർമ്മാല്യം പോലുള്ള സിനിമ ഇവിടെയാണ് ഉണ്ടായത്. ചിലരുടെ താൽപര്യങ്ങൾക്ക് എതിരായ അജണ്ട ഉള്ള സിനിമകൾ വരുമ്പോഴാണ് അസഹിഷ്ണുത ഉണ്ടാക്കുന്നത്'- പ്രേംകുമാർ പറഞ്ഞു.