< Back
Kerala
ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന്  എസ്‍ഡിപിഐ പ്രവര്‍ത്തകര്‍  അറസ്റ്റില്‍
Kerala

ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Web Desk
|
19 Jun 2025 1:04 PM IST

പ്രതികള്‍ റസീനയുടെ ആൺ സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് മർദിക്കുകയും ചെയ്തിരുന്നു

കണ്ണൂർ: കണ്ണൂരിലെ കായലോട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കായലോട് പറമ്പായിലെ റസീനയുടെ മരണത്തിലാണ് പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവര്‍ എസ്‍ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.

ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. എന്നാൽ ആൺ സുഹൃത്ത് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് യുവതിയുടെ ആത്മഹത്യ എന്നും ആരോപണമുണ്ട്.

മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ പ്രതികൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും, മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി ACP യുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.


Similar Posts