< Back
Kerala
accident_kerala
Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് മരണം

Web Desk
|
29 Jun 2024 7:01 PM IST

പരിക്കേറ്റ പതിനാറ് പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ

ഇടുക്കി: സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് മരണം. കണ്ണൂർ മാനന്തേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് അയ്യപ്പൻകാവ് സ്വദേശി ജമീല മരിച്ചു. കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.

എറണാകുളം കോതമംഗലത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി മുരിക്കാശ്ശേരി സ്വദേശി നിഖിലിനും ജീവൻ നഷ്ടമായി. മൂന്നാർ പെരിയവരയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് ഡ്രൈവർ ഗുണ്ടുമല സ്വദേശി മുനിയാണ്ടി മരിച്ചത്. അപകടത്തിൽ ആറ് പേ‍ർക്ക് പരിക്കേറ്റു. മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിൻറെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

പത്തനംതിട്ട പൂങ്കാവിൽ നിർത്തിയിട്ട ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു കയറി യാത്രക്കാരിക്ക്‌ ഗുരുതര പരിക്കേറ്റു. കോന്നി മെഡിക്കൽ കോളേജിലെ നേഴ്സ് ആയ സജിതയ്ക്കാണ് പരിക്കേറ്റത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയിൽ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം എതിരെ വന്ന കാറിലിടിച്ച് മൂന്ന് പേര്‍ക്കും പരിക്കേറ്റു.

കാട്ടാക്കട - നെയ്യാർഡാം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്കോടിച്ചിരുന്ന കുലശേഖരം സ്വദേശി അഖിലിന് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന രാഹുലിനും പരിക്കുകളുണ്ട്. പട്ടാമ്പി - പെരിന്തൽമണ്ണ പാതയിൽ ആമയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചും അപകടമുണ്ടായി. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്.

Similar Posts