< Back
Kerala
കോഴിക്കോട് തിക്കോടിയിൽ നാല് വിനോദസഞ്ചാരികൾ കടലിൽ വീണ് മരിച്ചു
Kerala

കോഴിക്കോട് തിക്കോടിയിൽ നാല് വിനോദസഞ്ചാരികൾ കടലിൽ വീണ് മരിച്ചു

Web Desk
|
26 Jan 2025 6:22 PM IST

വയനാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്

കോഴിക്കോട്: കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ നാല് വിനോദ സഞ്ചാരികള്‍ തിരയിൽപെട്ട് മരിച്ചു. കല്‍പറ്റ സ്വദേശികളായ അനീസ, വാണി, ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലോടെയാണ് അപകടം.

കല്‍പറ്റയിലെ ഒരു ജിമ്മിൽ നിന്ന് കോഴിക്കോടെത്തിയ 25 അംഗ സംഘത്തിലുള്ള അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. തിരയിൽപെട്ട ജിൻസി അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുപേരും കൈപിടിച്ച് കടലിൽ ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. നാട്ടുകാരും മത്സ്യതൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ മൂന്ന് പേരെ കരയ്ക്കെത്തിച്ചു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

നാലാമത്തെയാളെ ഒരുമണിക്കൂറിന് ശേഷം കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തി. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഫൈസലിന്‍റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

Similar Posts