< Back
Kerala

Kerala
എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ സ്ത്രീകള്‍ക്കായി വ്യാപക തിരച്ചില്‍ തുടരുന്നു
|29 Nov 2024 6:11 AM IST
പശുവിനെ തിരഞ്ഞ് ഇന്നലെയാണ് മൂന്ന് പേരും കാട്ടിലേക്ക് പോയത്
കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയിൽ കാണാതായ മൂന്ന് സ്ത്രീകൾക്കായുള്ള തിരച്ചിൽ തുടരുന്നു. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.പശുവിനെ തിരഞ്ഞ് ഇന്നലെയാണ് മൂന്ന് പേരും കാട്ടിലേക്ക് പോയത്.
കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോൺ ഓഫായി. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്കായി രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.
ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. വൈകിട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ്‍ റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയാണ്.