
മാലിന്യ ടാങ്കിലകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം Photo| MediaOne
കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം
|അദ്യം ഇറങ്ങിയയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേര്‍ മരിച്ചത്
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം, ഗൂഡല്ലൂർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം.
കമ്പം സ്വദേശി ജയരാമൻ ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. കട്ടപ്പന പാറക്കടവിൽ പ്രവർത്തിക്കുന്ന ഓറഞ്ച് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മരിച്ച ജയരാമൻ കരാർ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കം ചെയ്യുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
മൈക്കിൾ മാലിന്യ ടാങ്കിൽ പെട്ടെന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് സുന്ദര പാണ്ഡ്യൻ. രണ്ടുപേരും ബോധം കെട്ടു വീണതോടെ ജയരാമനും ടാങ്കിലേക്ക് ഇറങ്ങി. ഓക്സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കിൽ മൂന്നുപേരും പെട്ടുപോയി. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് സംഘം രണ്ടുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ മൂന്നു പേരെയും പുറത്തെത്തിച്ചു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും. അതേസമയം, ശുചീകരണ പ്രവർത്തനങ്ങളിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നോ എന്ന് പരിശോധിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.