< Back
Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ആം ആദ്മിക്ക് പിന്നാലെ ട്വൻ്റി ട്വൻ്റിയും മത്സരത്തിനില്ല
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ആം ആദ്മിക്ക് പിന്നാലെ ട്വൻ്റി ട്വൻ്റിയും മത്സരത്തിനില്ല

ijas
|
8 May 2022 4:45 PM IST

സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നതെന്ന് ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ട്വന്‍റി 20 യുടേയും ആം ആദ്മി പാര്‍ട്ടിയുടേയും സംയുക്ത തീരുമാനം. സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നതെന്ന് ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. ഉപ‍തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്തു നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനമെന്ന് സാബു ജേക്കബ് പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാള്‍ മെയ് 15 ന് കൊച്ചിയിലെത്തുമെന്നും അന്ന് നടക്കുന്ന സമ്മേളനം വിജയിപ്പിക്കുകയെന്നതിനാണ് ട്വന്‍റി 20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആംആദ്മി പാർട്ടി നേരത്തെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് ദേശീയ നിരീക്ഷകൻ എൻ രാജ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാർട്ടിയുടെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമാണിതെന്നും എൻ രാജ പറഞ്ഞു. ഒരു സീറ്റിന്‍റെ ജയ പരാജയം ഭരണത്തിൽ പ്രത്യേകിച്ച് സ്വാധീനമുണ്ടാക്കില്ല. 140 സീറ്റുകളിലും മത്സരിക്കുന്ന പാർട്ടിയായി ആം ആദ്മി വളർന്ന് വരുമെന്നും എൻ രാജ പറഞ്ഞു.

Thrikkakara by-election: After Aam Aadmi Party, Twenty20 also withdrew from the contest

Similar Posts