< Back
Kerala
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; അന്വേഷണ കമ്മീഷന്‍റെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി
Kerala

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; അന്വേഷണ കമ്മീഷന്‍റെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി

Web Desk
|
25 Aug 2021 7:13 AM IST

നഗരസഭ അധ്യക്ഷ പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി സുരേഷിനെയും മറ്റ് കൗൺസിലർമാരെയും അന്വേഷണ സംഘം ഇന്ന് വിളിച്ചു വരുത്തിയേക്കും.

തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് ഓണസമ്മാനമായി പണം നൽകിയെന്ന വിവാദത്തില്‍‌ കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിർദേശം നൽകിയിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെയും നഗരസഭ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്‍മാരെയും അന്വേഷണ കമ്മീഷൻ ഇന്നലെ വിളിച്ചുവരുത്തിയിരുന്നു.

നഗരസഭ അധ്യക്ഷ പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി സുരേഷിനെയും മറ്റ് കൗൺസിലർമാരെയും അന്വേഷണ സംഘം ഇന്ന് വിളിച്ചു വരുത്തിയേക്കും. പാർട്ടി കമ്മീഷന് മുന്നിൽ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് വി.ഡി സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പണക്കിഴി വിവാദത്തിൽ നഗരസഭ അധ്യക്ഷ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് ഡി.സി.സിയുടെ വിലയിരുത്തൽ. എന്നാൽ, പണം നൽകിയിട്ടില്ലെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ.

ചെയർപേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നഗരസഭക്ക് മുന്നില്‍ ഇന്നലെ മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പൊലീസിനും പരാതി നൽകിയിരുന്നു. നഗരസഭ അധ്യക്ഷയെ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഓണക്കോടിക്കൊപ്പം പതിനായിരം രൂപ നഗരസഭ അധ്യക്ഷ കൗൺസിലർമാർക്ക് കൈമാറിയെന്ന ആരോപണമാണ് വിവാദത്തിന് കാരണമായത്.

Similar Posts