
തൃശൂരില്‍ ബിജെപിക്ക് ഭീഷണിയുമായി മുന്‍ ജില്ലാ പ്രസിഡന്റ്; സ്വതന്ത്രനായി മത്സരിക്കുമെന്ന് ശ്രീശന്‍ അടിയാട്ട്
|സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ശ്രീശനെ 2009ല്‍ ബിജെപി പുറത്താക്കിയിരുന്നു
തൃശൂര്‍: നിയമസഭയില്‍ തൃശൂരില്‍ ബിജെപിക്ക് ഭീഷണി ഉയര്‍ത്തി മുന്‍ ജില്ലാ പ്രസിഡന്റ്. തൃശൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ശ്രീശന്‍ അടിയാട്ട് പറഞ്ഞു. 17 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത നേതൃത്വത്തിന്റെ സമീപനത്തിനെതിരെയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീശന്‍ മീഡിയവണിനോട് പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ശ്രീശനെ 2009ല്‍ ബിജെപി പുറത്താക്കിയിരുന്നു.
'2009ല്‍ ഇല്ലാത്ത കാര്യത്തിന്റെ പേരിലാണ് പാർട്ടി തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. ഞാന്‍ സാമ്പത്തികക്രമക്കേട് നടത്തിയെന്നാണ് അന്ന് പാര്‍ട്ടി പറഞ്ഞത്. സത്യത്തില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അത്തരമൊരു ആരോപണം ഉയര്‍ന്നുവന്നിട്ടും തന്നോട് വിശദീകരണം ചോദിക്കാനോ അന്വേഷണം നടത്താനോ പാര്‍ട്ടി അന്ന് തയ്യാറായിരുന്നില്ല. ഒരു ചോദ്യവുമില്ലാതെ പുതുതായി വന്ന പ്രസിഡന്റ് എന്നെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തത്. അതിന് ശേഷം ഇത്രയും വര്‍ഷമായിട്ടും തിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല. ഗ്രൂപ്പിസം കാരണം നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും പുറത്താണ്. അവർക്കുവേണ്ടിയാണ് ഈ തീരുമാനം.' ശ്രീശൻ വ്യക്തമാക്കി.
'രാജീവ് ചന്ദ്രശേഖറിനെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നത് അറിയാമെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൂടെ നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. കൂടെയുണ്ടാകുമെന്ന് വാക്ക് കൊടുത്തു. തന്നെ തിരിച്ചെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് സാധിക്കാതെ നിസ്സഹായാവസ്ഥയിലാണ് അദ്ദേഹം'. ശ്രീശന്‍ പറഞ്ഞു. തൃശൂരില്‍ ജനിച്ചുവളര്‍ന്നയാളാണ് താനെന്നും ബിജെപിയടക്കം എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള വോട്ട് താന്‍ നേടുമെന്നും ശ്രീശന്‍ കൂട്ടിച്ചേര്‍ത്തു.