തൃശൂർ ബാങ്ക് കവർച്ച; പ്രതി സംസാരിച്ചത് ഹിന്ദിയിൽ; കൃത്യം നടത്തിയത് മിനിറ്റുകൾകൊണ്ട്
|പ്രതിയുടെ കൈയിൽ ഉണ്ടായിരുന്നത് കറിക്ക് അരിയുന്ന തരത്തിലുള്ള കത്തിയാണെന്നും പൊലീസ് സ്ഥിരീകരിച്ചു
തൃശൂർ: പട്ടാപ്പകൽ കത്തി കാട്ടി ബാങ്ക് കൊള്ളയടിച്ച പ്രതിയെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്ന് റൂറൽ എസ്പി കൃഷ്ണകുമാർ. പ്രതി സംസാരിച്ചത് ഹിന്ദിയിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും എസ്‌പി പറഞ്ഞു.
കവർച്ച നടത്തിയത് ബാങ്കിനെക്കുറിച്ച് കൃത്യമായി അറിയുന്നയാളാണെന്നും അല്ലെങ്കിൽ ബാങ്കിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു. പ്രതിയുടെ കൈയിൽ ഉണ്ടായിരുന്നത് കറിക്ക് അരിയുന്ന തരത്തിലുള്ള കത്തിയാണ്. പ്രതി സംസാരിച്ചത് ഹിന്ദിയിലും. പല കെട്ടുകളായി സൂക്ഷിച്ചിരുന്ന 45 ലക്ഷത്തിൽ നിന്ന് 5 ലക്ഷത്തിന്റെ 3 കെട്ടുകളാണ് കവർന്നത്. എടിഎമ്മിൽ നിന്നെടുത്ത് കൗണ്ടറിൽ വെച്ച പണമാണെന്നും എസ്‌പി പറയുന്നു.
അതേസമയം, മോഷ്ടാവ് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതി ആലുവ ഭാഗത്തേക്ക് നീങ്ങിയതായി വിവരങ്ങളുണ്ട്.
ബാങ്ക് ജീവനക്കാരുടെ ഉച്ച ഭക്ഷണത്തിന്റെ സമയത്താണ് കവർച്ച നടന്നത്. 2:30 ക്ക് ദേശിയ പാതയുടെ സമീപത്തുള്ള ബാങ്കിൽ ഒറ്റയ്ക്ക് സ്കൂട്ടറിൽ ഹെൽമെറ്റ് കൊണ്ട് മുഖം മറച്ചാണ് അക്രമി എത്തിയത്. വലിയ ജാക്കറ്റും കൈ ഉറകളും ഒരു ബാഗും പ്രതി ധരിച്ചിരുന്നു. അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 7 ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. അതിൽ ഭക്ഷണം കഴിക്കാൻ പോയവരെ മുറിയിൽ പൂട്ടിയിടുകയും ബാക്കി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപെടുത്തി മുറിലടച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയത്. കൗണ്ടർ ഗ്ലാസ് ഇടിച്ച് തകർത്തതാണ് പ്രതി പണം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് എത്തുന്നത്. നിമിഷനേരം കൊണ്ട് തന്നെ പണവുമായി പ്രതി തിരിച്ച് പോകുന്ന ദൃശ്യങ്ങളും സിസിടിവിയിൽ കാണാം.