< Back
Kerala
കോഴ ആരോപണം;തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ വിജിലൻസിൽ പരാതി
Kerala

'കോഴ ആരോപണം';തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ വിജിലൻസിൽ പരാതി

Web Desk
|
26 Dec 2025 3:12 PM IST

ആലപ്പുഴ സ്വദേശി വിമല്‍ കെ.കെയാണ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കിയത്

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ മേയറാകാന്‍ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ഭീഷണിക്ക് പിന്നാലെ വിജിലന്‍സില്‍ പരാതി. ആലപ്പുഴ സ്വദേശി വിമല്‍ കെ.കെയാണ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യം. ലാലി ജെയിംസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ, കോര്‍പറേഷനില്‍ മേയറാക്കാന്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചെന്ന് ആരോപിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. മേയര്‍ സ്ഥാനത്തിന്‍ മാനദണ്ഡമായത് പണമാണോയെന്നും ലാലി സംശയം പ്രകടിപ്പിച്ചിരുന്നു.

അതേസമയം,നാലു പ്രാവശ്യം ആര്‍ക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി വ്യക്തമാക്കട്ടെയെന്ന് ഡിഡിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.'പാര്‍ട്ടി തീരുമാനമാണ് മേയര്‍ ആരാണെന്ന് തീരുമാനിച്ചത്. ലാലിയുടെ പ്രതികരണം പാര്‍ട്ടി പരിശോധിച്ച് ഉചിതമായ നടപടി എടുക്കും.മേയര്‍ പദവി തീരുമാനം കെ.സി വേണുഗോപാലോ ദീപാദാസ് മുന്‍ഷിയോ അല്ല. വിപ്പ് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. വിപ്പ് വാങ്ങില്ല എന്ന് ലാലി ജെയിംസ് എന്നോട് പറഞ്ഞിട്ടില്ല'. ജോസഫ് ടാജറ്റ് പറഞ്ഞു.

എന്നാല്‍ കോഴ ആരോപണത്തില്‍ മറുപടി പറയാനില്ലെന്ന് നിയുക്ത മേയര്‍ നിജി പ്രതികരിച്ചു. 'ലാലിയോട് ഒന്നും പറയാനില്ല, പാര്‍ട്ടി പറഞ്ഞോളും, തൃശ്ശൂര്‍ ടൌണില്‍ മാത്രം ഒതുങ്ങി നിന്ന ആളല്ല ഞാന്‍.വിവാദങ്ങളില്‍ പതറിപ്പോകില്ല. 27 വര്‍ഷമായി താനിവിടെ ഉണ്ടായിരുന്നുവെന്നും, സ്ഥാനമാനങ്ങള്‍ വരും പോകും,പാര്‍ട്ടി എന്നെ വിശ്വസിച്ചുകൊണ്ടാണ് ഉത്തരവാദിത്തം തന്നത്..'നിജി പറഞ്ഞു.

Similar Posts