Kerala
Thrissur Sebina dowry harassment case
Kerala

'നൂറ് പവനെങ്കിലും പ്രതീക്ഷിച്ചു'; തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധനപീഡനത്തെ തുടർന്നെന്ന് പരാതി

Web Desk
|
13 Dec 2023 5:23 PM IST

45 തവണയാണ് പള്ളിക്കമ്മിറ്റിയടക്കം ഇരു വീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടത്തിയത്

തൃശ്ശൂർ: കല്ലുംപുറത്ത് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടർന്നെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരു മാസം മുൻപ് ഭർതൃ വീട്ടിൽ ജീവനൊടുക്കിയത്.

2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുലാബ്ദീനും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് സൈനുലാബ്ദീനോ വീട്ടുകാരോ സ്ത്രീധനമോ മറ്റോ ചോദിച്ചിരുന്നില്ല. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞതോടെ വീട്ടുകാരുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. നൂറു പവനെങ്കിലും സ്ത്രീധനം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി സൈനുലാബ്ദീന്റെ വീട്ടുകാർ പറയുമായിരുന്നുവെന്നാണ് സെബീനയുടെ കുടുംബം പറയുന്നത്. ഇതിന് ശേഷം പല തവണയായി ഇവരിൽ നിന്ന് സൈനുലാബ്ദീനും കുടുംബവും പണം വാങ്ങി. ചെറിയ ആവശ്യങ്ങൾക്ക് പോലും വലിയ തുക വാങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പണം ലഭിക്കുന്നത് വരെ സെബീനയെ ഇവർ പീഡിപ്പിക്കുകയും ചെയ്തിരുന്നു. 45 തവണയാണ് പള്ളിക്കമ്മിറ്റിയടക്കം ഇരു വീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടത്തിയത്.

സൈനുലാബ്ദീനെ പല തവണ സെബീനയുടെ ഉപ്പ വിദേശത്ത് ജോലിക്കായി കൊണ്ടു പോയിരുന്നെങ്കിലും ജോലി ചെയ്യാൻ ഇയാൾ തയ്യാറായിരുന്നില്ല. ഭാര്യവീട്ടിൽ നിന്ന് കിട്ടുന്ന തുക ഉപയോഗിച്ച് കഴിയുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സൈനുലാബ്ദീന്റെ ഉമ്മയും ഉപ്പയും ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയുമടക്കം സെബീനയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയിൽ പറയുന്നു. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്ന വിവരം പറയാൻ വിളിക്കുമ്പോഴൊക്കെ തന്നോടൊന്നും പറയേണ്ടെന്നായിരുന്നു സൈനുലാബ്ദീന്റെ മറുപടി. പീഡനം അസഹനീയമായതോടെ യുവതി ജീവനൊടുക്കുകയായിരുന്നു. സൈനുലാബിദിനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് അറിയിക്കുന്നത്.

Similar Posts