< Back
Kerala
Tushara murder case
Kerala

സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം

Web Desk
|
28 April 2025 3:49 PM IST

കൊല്ലം ജില്ലാ കോടതിയുടേതാണ് വിധി

കൊല്ലം: കൊല്ലം ഓയൂരിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട തുഷാരയുടെ ഭർത്താവ് ചന്തു ലാൽ, ഇയാളുടെ മാതാവ് ഗീത എന്നിവർക്കാണ് ജീവപര്യന്തം. പ്രതികൾക്ക് ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ജില്ലാ കോടതിയുടേതാണ് വിധി. കോടതിവിധിയിൽ തൃപ്തിയുണ്ടെന്ന് തുഷാരയുടെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ മകൾ അനുഭവിച്ച വേദന അതേപോലെ അവരും അനുഭവിക്കണമായിരുന്നുവെന്ന് അച്ഛൻ തുളസീധരനും അമ്മ വിജയലക്ഷ്മിയും പറഞ്ഞു.

2019 മാർച്ച്‌ 21നാണ് കരുനാഗപ്പള്ളി സ്വദേശി തുഷാര മരിച്ചത്. ഭർത്താവും ചന്തുലാൽ ഭർതൃമാതാവും ഗീതാലാൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2013ലാണ് പൂയപ്പള്ളി ചരുവിളവീട്ടിൽ ചന്തുലാലും തുഷാരയും തമ്മിലുള്ള വിവാഹം നടന്നത്. ആറ് വർഷം നീണ്ട കുടുംബജീവിതത്തിന് ഒടുവിലാണ് തുഷാരയുടെ മരണം. സ്ത്രീധന തുകയിൽ കുറവ് വന്ന 2 ലക്ഷം രൂപ നൽകിയില്ലെന്ന് പറഞ്ഞ് ഭർത്താവ് ചന്തുലാലും കുടുംബവും തുഷാരയെ ക്രൂരമായി പീഡിപ്പിച്ചു.

മരണവിവരം അറിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ കുടുംബം കണ്ടത് ശോഷിച്ച് എല്ലും തോലുമായ തുഷാരയുടെ മൃതദേഹം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം വെറും 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തിൽ ഭക്ഷണ വസ്തുവിന്റെ അംശം ഉണ്ടായിരുന്നില്ല. പൂയപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് ചന്തുലാലിനെയും ഭർതൃമാതാവ് ഗീതാ ലാലിനെയും പ്രതിചേർത്തു. അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള മകളുടെ അധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി.



Similar Posts