< Back
Kerala
പഞ്ചാരക്കൊല്ലിയിലെ ജനവാസമേഖലയിൽ വീണ്ടും കടുവ; പരിശോധന ശക്തമാക്കി
Kerala

പഞ്ചാരക്കൊല്ലിയിലെ ജനവാസമേഖലയിൽ വീണ്ടും കടുവ; പരിശോധന ശക്തമാക്കി

Web Desk
|
25 Jan 2025 7:28 PM IST

കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കടുവ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടത്

വയനാട്: പഞ്ചാരക്കൊല്ലിയിലെ ജനവാസമേഖലയിൽ വീണ്ടും കടുവ. പ്രദേശവാസിയായ നൗഫലിന്റെ വീടിനടുത്തതാണ് കടുവയെ കണ്ടത്. നൗഫലിന്റെ മക്കളാണ് കടുവയെ കണ്ടത്. പോലീസും വനം വകുപ്പും പരിശോധന നടത്തുന്നു.

കടുത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് വൈകിട്ട് ആറുമണിയോടെ ജനവാസ മേഖലയിൽ വീണ്ടും കടുവയെത്തിയത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണം മാനന്തവാടി നഗരസഭാ ചെയർമാൻ അറിയിച്ചു. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും സി കെ രത്നവല്ലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കടുവ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് കാപ്പിത്തോട്ടത്തിലേക്ക് കാപ്പിക്കുരു പെറുക്കാന്‍ പോകുന്നതിനിടെ രാധയെ കടുവ ആക്രമിച്ചത്. ശേഷം രാധയെ കടുവ കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്.കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സംസ്കാരം കഴിഞ്ഞ ഉടൻ പ്രതിഷേധവുമായി ആളുകൾ വനംവകുപ്പ് ബേസ് ക്യാമ്പിലേക്ക് എത്തിയിരുന്നു. കടുവയെ വെടിവെച്ചു കൊല്ലണം എന്ന നിലപാടിൽ ഉറച്ച നാട്ടുകാർ ഡിഎഫ്ഒയെ ഉൾപ്പെടെ തടഞ്ഞു. നിരവധി തവണ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു.

തുടർന്ന് എഡിഎം എംകെ ദേവകി സ്ഥലത്തെത്തി. നാട്ടുകാരുമായി ചർച്ച നടത്തി. കടുവയെ കണ്ടാൽ ഉടൻ വെടിവെക്കാം എന്നും, പ്രദേശത്തെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ വേണ്ടി പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്താം എന്നും നാട്ടുകാർ ഉറപ്പ് നൽകി. ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടതോടെ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകളോട് പുറത്തിറങ്ങരുത് എന്നും വനം വകുപ്പ് നിർദ്ദേശിച്ചു. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കടുവക്കായി തിരച്ചിൽ ഊർജ്ജതമാക്കിയിട്ടുണ്ട്. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ ഇപ്പോഴും ആശങ്കയിൽ തുടരുകയാണ്.




Similar Posts