< Back
Kerala
വയനാട് ജനവാസമേഖലയില്‍ വീണ്ടും കടുവ; കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന് ആക്ഷേപം
Kerala

വയനാട് ജനവാസമേഖലയില്‍ വീണ്ടും കടുവ; കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന് ആക്ഷേപം

Web Desk
|
21 Dec 2025 6:57 PM IST

കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മാരന്‍ കൊല്ലപ്പെട്ട പ്രദേശത്തിന്റെ സമീപത്തുനിന്നാണ് ഇന്ന് കടുവയെ കണ്ടെത്തിയത്

വയനാട്: വയനാട് ദേവര്‍ഗദ്ധയില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. കന്നാരം പുഴയോരത്താണ് കടുവയെ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരും കടുവയെ കണ്ടതായി സ്ഥിരീകരിച്ചു. കടുവയെ കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപമുണ്ട്. പൊലീസും വനംവകുപ്പും സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മാരന്‍ കൊല്ലപ്പെട്ട പ്രദേശത്തിന്റെ തൊട്ടടുത്തുനിന്നാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് കടുവ പ്രത്യക്ഷമായത്. കാലിന് പരിക്കേറ്റതായാണ് വനംവകുപ്പ് ജീവനക്കാരുടെ നിരീക്ഷണം. കടുവയെ പടക്കംപൊട്ടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്.

ഇന്ന് ജനവാസമേഖലയിലിറങ്ങിയ കടുവ വയനാട് വന്യജീവി സങ്കേതത്തില്‍ പെട്ടതല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കേരള വന്യജീവി ലിസ്റ്റില്‍ പെട്ട കടുവയല്ലാത്തതിനാല്‍ തന്നെ കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വയനാട് പുല്‍പ്പള്ളിയില്‍ ഇന്നലെയുണ്ടായ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്തുണ്ടായ ആക്രമണത്തില്‍ ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ മരിച്ചിരുന്നു. വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് അപകടം.

പുല്‍പ്പള്ളിയില്‍ ഇറങ്ങിയ നരഭോജി കടുവയ്ക്കായി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുമെന്നും ഇതിന് കഴിഞ്ഞില്ലെങ്കില്‍ മയക്കുവെടി വെക്കാന്‍ ടീമിനെ സജ്ജമാക്കിയെന്നും വനംവകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ കേരള വനാതിര്‍ത്തിയില്‍ വിട്ടതില്‍ കര്‍ണാടക വനംവകുപ്പിനെതിരെ സിപിഎം വിമര്‍ശനവുമായി രംഗത്തെത്തി. മൈസുരു ജില്ലയിലെ സരഗൂര്‍ താലൂക്കില്‍ മൂന്നുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയെന്നും ആരോപണമുണ്ട്. നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഉടനടി നടപടിയെടുക്കണമെന്നും സിപിഎം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Similar Posts