< Back
Kerala
വന്യജീവി ശല്യം രൂക്ഷം: വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം
Kerala

വന്യജീവി ശല്യം രൂക്ഷം: വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം

Web Desk
|
16 Jan 2023 6:26 AM IST

വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് സർവകക്ഷിയോഗം

വയനാട്: വിവിധ ജില്ലകളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നതിനിടെ വയനാട്ടിൽ ഇന്ന് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം. ജില്ലയിലെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവശ്യമായ നടപടികൾ യോഗം ചർച്ച ചെയ്യും.

കഴിഞ്ഞ ദിവസം വയനാട് പുതുശ്ശേരിയിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ തോമസ് എന്ന കർഷകൻ കൊല്ലപ്പെട്ടതോടെയാണ് സർക്കാർ അടിയന്തര സർവകക്ഷി യോഗം വിളിച്ചത്. തോമസിന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കളും ഇന്ന് തോമസിന്‍റെ വീട് സന്ദർശിക്കും.

കർഷകന്‍റെ ജീവനെടുത്ത കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ വെച്ചാണ് മയക്കുവെടിവെച്ച് കടുവയെ കീഴടക്കിയത്. കടുവയെ കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

അതിനിടെ മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണമുണ്ടായി. ഇന്നലെ ഉച്ചയോടെ ഒരു പശുക്കിടാവിനെ കടുവ കൊന്നതായി നാട്ടുകാർ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റിൽ മേയാൻ വിട്ട പശുക്കിടാവിനെ കടുവ കടിക്കുകയായിരുന്നു. പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മാനന്തവാടി റെയ്ഞ്ചറെ തടഞ്ഞു വെച്ചായിരുന്നു പ്രതിഷേധം.

Similar Posts