< Back
Kerala
കാളികാവിലെ കടുവാ ആക്രമണം : മരണത്തിനിടയാക്കിയത്  കഴുത്തിനേറ്റ ആഴത്തിലുള്ള കടിയും അമിത രക്തസ്രാവവും; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
Kerala

കാളികാവിലെ കടുവാ ആക്രമണം :' മരണത്തിനിടയാക്കിയത് കഴുത്തിനേറ്റ ആഴത്തിലുള്ള കടിയും അമിത രക്തസ്രാവവും'; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Web Desk
|
16 May 2025 12:42 PM IST

ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ട്

മലപ്പുറം: കാളികാവില്‍ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്ദുൽ ഗഫൂറിന്‍റെ മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തിൽ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയുംനഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. കടുവയെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരുമെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉമ ത്യാഗ സുന്ദരം പറഞ്ഞു. പ്രദേശത്തു സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.

20 പേരടങ്ങുന്ന മൂന്നംഗ സംഘമാണ് ഇന്ന് കാളികാവ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് സ്ഥാപിച്ച അമ്പതോളം ക്യാമറകളിലെ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണ്. വ്യാഴാഴ്ച ആക്രമണം ഉണ്ടായ പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടാണ് ആദ്യ തിരച്ചിൽ. രണ്ടു കുംകികളെയാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. ഇതിൽ ഒരാനയെ ഇന്നലെ എത്തിച്ചിരുന്നു. ദൗത്യത്തിനായി തെർമൽ ഡ്രോണുകളും ഉപയോഗിക്കുമെന്നും സിസിജെ ഉമ ത്യാഗസുന്ദരം പറഞ്ഞു

കടുവയുടെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. അരുൺ സക്കറിയ പറഞ്ഞു. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകൾ ഇന്ന് സ്ഥാപിക്കും. കടുവയുടെ സാന്നിധ്യം സ്ഥീകരിച്ചാൽ ആനകളുമായി ദൗത്യസംഘം കാടുകയറും.

അതേസമയം പ്രദേശത്ത് നിരന്തരമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പരാതി നൽകിയിട്ടും വനവകുപ്പ് നടപടി ഒന്നും എടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്.


Similar Posts