< Back
Kerala
കേരളം കണ്ട നീചവും ക്രൂരവുമായ ക്വട്ടേഷൻ ബലാത്സംഗം; എന്താണ് ആ രാത്രി സംഭവിച്ചത്?
Kerala

കേരളം കണ്ട നീചവും ക്രൂരവുമായ ക്വട്ടേഷൻ ബലാത്സംഗം; എന്താണ് ആ രാത്രി സംഭവിച്ചത്?

Web Desk
|
4 Dec 2025 8:44 AM IST

അത്താണിക്ക് സമീപം ടെമ്പോ ട്രാവലർ നടിയുടെ വാഹനവുമായി കൂട്ടിയിടിച്ചു

കൊച്ചി: മലയാളികളെ ഞെട്ടിച്ചാണ് 2017ൽ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടത്. മലയാള സിനിമയെ തന്നെ വിഭജിച്ച ആ ക്വട്ടേഷൻ ബലാത്സംഗത്തിന്‍റെ വിധിയാണ് ഡിസംബർ എട്ടിന് വിധിക്കുക. എന്താണ് ആ രാത്രി ഉണ്ടായതെന്ന് നോക്കാം.

പൾസർ സുനിയുടെ നേതൃത്വത്തിൽ മണികണ്ഠൻ,വി പി വിജീഷ്, വടിവാൾ സലീം, പ്രദീപ് എന്നിവരായിരുന്നു അങ്കമാലിയിലെ സ്വകാര്യ കൺവെൻഷൻ സെന്‍ററിന് സമീപം മാർട്ടിൻ ആന്‍റണിയുടെ സിഗ്നൽ കാത്തുനിന്നത്. 9 മണിയോടെ നടി തങ്ങളെ കടന്നുപോയെന്ന് സിഗ്നൽ ലഭിച്ചതോടെ പൾസർ സുനിയും സംഘവും ടെമ്പോ ട്രാവലർ നടിയെ പിന്തുടർന്നു.അത്താണിക്ക് സമീപം ടെമ്പോ ട്രാവലർ നടിയുടെ വാഹനവുമായി കൂട്ടിയിടിച്ചു. ക്ഷമ പറയാനിറങ്ങിയ മണിയോട് മാടത്തോട് പറയാൻ മാർട്ടിൻ ആന്‍റണി പറഞ്ഞു. പൊടുന്നനെ നടിയിരുന്ന സീറ്റിലേക്ക് ചാടിക്കയറിയ വിജീഷ് മണികണ്ഠനോട് കയറാൻ പറഞ്ഞു. നടന്നത് എന്താണെന്ന് മനസ്സിലാകും മുൻപേ നടിയുമായി വാഹനം മുന്നോട്ടു കുതിച്ചു.

പിന്നീട് നടന്നത് കേരളം കണ്ട നീചവും ക്രൂരവുമായ ക്വട്ടേഷൻ ബലാത്സംഗമാണ്. മുഖംമൂടി ധരിച്ചാണ് സുനി കാറിൽ കയറിയതെങ്കിലും ഒരു മാസം മുൻപ് തന്‍റെ ഡ്രൈവറായിരുന്നു സുനിയെ നടി തിരിച്ചറിഞ്ഞു. ക്വട്ടേഷൻ ആണെന്നും നടിയുടെ നഗ്നശരീരത്തോടൊപ്പം വിവാഹനിശ്ചയമോതിരം ചേർത്തുവച്ച പടമാണ് ക്വട്ടേഷൻ നൽകിയ ആൾക്ക് ആവശ്യമെന്നും പൾസർ സുനി തുറന്നു പറഞ്ഞു. വീട്ടിൽ ചെന്നശേഷം ചിത്രം അയക്കാമെന്ന് നടി രക്ഷപ്പെടാനായി പറഞ്ഞു നോക്കിയെങ്കിലും നിങ്ങൾ അത്ര കഷ്ടപ്പെടേണ്ട എന്നായിരുന്നു സുനിയുടെ മറുപടി.തിരക്കേറിയ കൊച്ചി നഗരത്തിലൂടെ രണ്ട് മണിക്കൂർ നടിയുമായി വാഹനം മുന്നോട്ടുപോയി, ഈ സമയം നടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി, ദൃശ്യങ്ങൾ 8 ക്ലിപ്പുകളിൽ ആയി സുനി പകർത്തി.

ആക്രമണത്തിനുശേഷം നടൻ ലാലിന്‍റെ വീട്ടിലേക്ക് മാർട്ടിൻ ആന്‍റണി നടിയുമായി പോയി, പ്രതികൾ ടെമ്പോട്രാവലറിൽ രക്ഷപ്പെട്ടു. ലാൽ വിളിച്ച് പൊലീസ് എത്തി നടിയുടെ പ്രാഥമിക മൊഴി ശേഖരിച്ച് കേസെടുത്തു. തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും തനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും മാർട്ടിൻ ലാലിനോടും പിന്നീട് വന്ന എംഎൽഎ പിടി തോമസിനോടും പൊലീസിനോടും പറഞ്ഞു. മാർട്ടിൻ ആന്‍റണിയുടെ മൊഴികളിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ് വൈകാതെ തന്നെ മാർട്ടിനെ കസ്റ്റഡിയിലെടുത്തു.



Similar Posts