
ഇന്ന് ചിങ്ങം ഒന്ന്; കര്‍ഷകര്‍ കാത്തിരുന്ന പുതുവര്‍ഷം
|പൊന്നിന്‍ ചിങ്ങത്തെ കണികണ്ട് മലയാളി
തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം. ഒട്ടേറെ പ്രതീക്ഷകളുമായി കര്‍ഷകര്‍ കാത്തിരുന്ന പുതുവര്‍ഷം. ഇക്കുറി കാലാവസ്ഥ അനുകൂലമായപ്പോള്‍ പാടങ്ങള്‍ വിളഞ്ഞു. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ കര്‍ഷകനും.
ദാരിദ്ര്യവും ദുരിതവും മാത്രം വിതക്കുന്ന പഞ്ഞമാസമത്തെ കര്‍ഷകര്‍ കള്ളകര്‍ക്കിടകം എന്ന് പേരിട്ട് വിളിച്ചു. തൊട്ട് പിന്നാലെ എത്തുന്നതാണ് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം. പാടത്ത് നിറഞ്ഞ പൊന്‍കതിരുകളാണ് ഈ പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്. അവിടുന്ന് അങ്ങോട്ട് ഒരോ കര്‍ഷകനും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു.
ഇതൊക്കെ പക്ഷേ വര്‍ഷങ്ങള്‍ മുന്‍പുള്ള കാഴ്ചകളായിരുന്നു. കതിരുത്സവം കൊണ്ടാടിയും , നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കിയും ചിങ്ങത്തെ ആഘോഷിച്ചിരുന്ന ദിവസങ്ങള്‍ പതുക്കെ പഴങ്കഥകളായി. കര്‍ഷകരുടെ ഓര്‍മ്മകളിലാണ് ആ നല്ല കാലം.
വീടിന്റെ പ്രധാന ഭാഗങ്ങളില്‍ നിറകതിരുകള്‍ വെച്ചും , പാടത്ത് പോകാനുള്ള ഒരുക്കങ്ങള്‍ക്ക് സഹായിച്ചും , ഈ ദിവസം വീട്ടിലെ സ്ത്രീകളും നന്നേ തിരക്കിലായിരിക്കും
ചിങ്ങം വന്നെത്തുമ്പോള്‍ മഴയുടെ പുതപ്പ് മാറ്റി കൂടെ നില്‍ക്കുന്ന പ്രകൃതിയായിരുന്നു കര്‍ഷകന്റെ ഉറ്റ സുഹൃത്ത്. ഇത്തവണ പക്ഷേ ചിങ്ങത്തിലും കൂട്ട് കൂടാന്‍ എത്തിയിട്ടുണ്ട് മഴ. പലയിടത്തും പൊന്നണിഞ്ഞ് സുന്ദരിയായി നില്‍ക്കുകയാണ് പാടങ്ങള്‍. വെയില്‍ ഒന്ന് ഉറച്ചാല്‍ തിളങ്ങി നില്‍ക്കാമായിരുന്നു എന്ന് പറയാതെ പറയുന്നുണ്ട് നെല്‍വയലുകള്‍.
കര്‍ഷക ദിനത്തിലും പക്ഷേ നെല്ല് സംഭരിച്ച തുക കിട്ടാത്തത് പ്രതിസന്ധിയാകുന്നുണ്ട് കര്‍ഷകന്. ഈ ദിവസം പൂര്‍ണ്ണമായും സന്തോഷിക്കാന്‍ ഇവര്‍ക്ക് കാരണങ്ങളില്ല. സമ്പല്‍സ്മൃദ്ധിയുടെ ചിങ്ങത്തില്‍ എല്ലാ ദുരിതവും അവസാനിച്ച് നല്ല നാളുകള്‍ വരുമെന്ന വിശ്വാസത്തിലാണ് ഒരോ കര്‍ഷകനും.