< Back
Kerala
നവീൻ ബാബുവിന്റെ മരണത്തിന് ഇന്ന് ഒരു വർഷം

Photo| MediaOne

Kerala

നവീൻ ബാബുവിന്റെ മരണത്തിന് ഇന്ന് ഒരു വർഷം

Web Desk
|
15 Oct 2025 9:53 AM IST

യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം

കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം. തുടർന്ന് സിപിഎം പ്രതിരോധത്തിലാകുകയും ദിവ്യക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം നഷ്ടമാവുകയും ചെയ്തു.

കണ്ണൂർ ചെങ്ങളായി ചേരംകുന്നിൽ പുതുതായി തുടങ്ങാനിരുന്ന പെട്രോൾ പമ്പിൻ്റെ എൻഒസിയുമായി ബന്ധപ്പെട്ട് പി.പി ദിവ്യ നടത്തിയ ആരോപണമാണ് സ്ഥലം മാറി പോകുകയായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് വഴിവെച്ചത്. റവന്യൂ സ്റ്റാഫ് കൗൺസിലിൻ്റെ യാത്രയയപ്പ് പരിപാടിയിൽ ക്ഷണിക്കപ്പെടാതെ എത്തിയാണ് നവീൻ ബാബുവിനെതിരെയുള്ള ദിവ്യയുടെ പരാമർശം. ജില്ലാ കലക്ടർ അടക്കം കാഴ്ചക്കാരായിരുന്ന ചടങ്ങിന് ശേഷം സ്വദേശത്തേക്ക് മടങ്ങാൻ പുറപ്പെട്ട നവീൻ ബാബുവിനെ അടുത്ത ദിവസം താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ദിവ്യ ഉന്നയിച്ച ആരോപണമാണ് മരണത്തിന് ഇടയാക്കിയെന്ന കുടുംബത്തിൻ്റെ ആരോപണം സിപിഎമ്മിനെ ശരിക്കും വെട്ടിലാക്കി. പാർട്ടി കുടുംബത്തിൻ്റെ വാദങ്ങളെ തള്ളനാകാതെ സിപിഎം വിയർത്തു. ഒപ്പം റവന്യൂ മന്ത്രിയടക്കമുള്ളവർ നവീൻ ബാബുവിനെ പ്രകീർത്തിച്ച് രംഗത്തെത്തിയതോടെ ദിവ്യയെ സിപിഎം നേതൃത്വം കൈയ്യൊഴിഞ്ഞു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ദിവ്യക്ക് രാജിവെക്കേണ്ടി വന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസിന് കീഴടങ്ങിയ ദിവ്യ 10 ദിവസം സെൻട്രൽ ജയിലിൽ റിമാൻഡിലുമായി.

ഇതിനിടെ പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം ദിവ്യയെ ഒഴിവാക്കി. വനിതാ നേതാവിൻ്റെ വാവിട്ട വാക്കിൽ മുതിർന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ ജീവിതം അവസാനിച്ചപ്പോൾ സിപിഎമ്മിന് നേരിട്ട ആഘാതം വലുതാണ്. നവീൻ ബാബുവിൻ്റെ പാർട്ടി ബന്ധത്തിൻ്റെ പേരിൽ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കണ്ണൂർ നേതൃത്വത്തെ ശരിക്കും വട്ടം കറക്കി. ഗത്യന്തരമില്ലാതെ ആണ് ദിവ്യയെ സിപിഎം കൈവിട്ടത്.

ദിവ്യ എഡിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തുകയും ചെയ്തു. അതേസമയം പൊലീസ് അന്വേഷണത്തിൽ വിശ്വാസം ഇല്ലാതിരുന്ന നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ അടക്കം സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

Similar Posts