
'കിഫ്ബി റോഡുകളിലെ ടോൾ പിരിവ് എൽഡിഎഫിൽ ചർച്ച ചെയ്തിരുന്നു': ടി.പി രാമകൃഷ്ണൻ
|'പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ എല്‍ഡിഎഫ് യോഗം വിളിക്കും'
തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കുന്നത് എൽഡിഎഫ് ചർച്ച ചെയ്തിരുന്നെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ വേണമെന്നും വിഷയം ക്യാബിനറ്റില്‍ വരുമ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ എല്‍ഡിഎഫ് യോഗം വിളിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി കത്ത് നല്‍കിയിട്ടുണ്ടെന്നും, ഇത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഘടകകക്ഷികളെ അനുനയിപ്പിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബിയുടെ വായ്പകളെല്ലാം സംസ്ഥാനത്തിന്‍റെ പൊതുകടത്തില്‍ കേന്ദ്രം പെടുത്തിയത് തിരിച്ചടിയായതോടെയാണ് കിഫ്ബിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തേടിയത്. 50 കോടി മുകളിലുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് ടോള്‍ ഏര്‍പ്പെടുത്തുക, ഷോപിങ് കോംപ്ലക്സുകളില്‍ നിന്ന് പലിശ സഹിതം പണം തിരികെപിടിക്കുന്ന സ്കീമുകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ പരിഗണനയില്‍ ഉള്ളത്. മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമമന്ത്രിയുമായി പ്രാഥമിക കൂടിയാലോചനകള്‍ നടന്നെങ്കിലും ടോള്‍ പിരിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ അന്തിമ ധാരണയായിട്ടില്ല.