< Back
Kerala
Total Number seats won by parties in the local body election kerala
Kerala

കോൺ​ഗ്രസ് 7817, സിപിഎം 7455; 3000നടുത്തെത്തി ലീ​ഗ്, 1000ന് മുകളിൽ രണ്ട് കക്ഷികൾ, സംപൂജ്യർ അഞ്ച്; തദ്ദേശ തെരെഞ്ഞെടുപ്പിൽ പാർട്ടികൾ നേടിയ സീറ്റുകൾ ഇങ്ങനെ...

Web Desk
|
14 Dec 2025 1:22 PM IST

മന്ത്രിമാരും എംഎൽഎമാരും നേതൃത്വം നൽകുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട മറ്റ് പാർട്ടികളെല്ലാം മൂന്നക്കത്തിലും രണ്ടക്കത്തിലും ഒരക്കത്തിലും ഒതുങ്ങി.

തിരുവനന്തപുരം: നാല് കോർപറേഷനുകളിലടക്കം ഭരണം പിടിച്ച് കോൺ​ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കണക്കുകൾ പരിശോധിക്കുമ്പോൾ ഇരു പാർട്ടികളും 7000 കടന്നെങ്കിലും സിപിഎമ്മിനേക്കാൾ 362 സീറ്റുകൾ നേടി കോൺ​ഗ്രസാണ് മുന്നിൽ. ഇവരടക്കം അ‍ഞ്ച് പാർട്ടികളാണ് ആയിരം കടന്നത്. 5000ന് മുകളിൽ സീറ്റ് ലഭിച്ചത് കോൺ​ഗ്രസും സിപിഎമ്മും മാത്രമാണ്.

7817 സീറ്റുകൾ കോൺ​ഗ്രസ് സ്വന്തമാക്കിയപ്പോൾ 7455 എണ്ണത്തിലാണ് സിപിഎം വിജയിച്ചത്. മുസ്‌ലിം ലീ​ഗാണ് മൂന്നാമത്- 2844 സീറ്റുകൾ. 1913 സീറ്റുകളിൽ വിജയിച്ച ബിജെപി നാലാമതെത്തിയപ്പോൾ 1018 സീറ്റുകളാണ് സിപിഐക്ക് ലഭിച്ചത്. മന്ത്രിമാരും എംഎൽഎമാരും നേതൃത്വം നൽകുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട മറ്റ് പാർട്ടികളെല്ലാം മൂന്നക്കത്തിലും രണ്ടക്കത്തിലും ഒരക്കത്തിലും ഒതുങ്ങി.

കേരളാ കോൺ​ഗ്രസിന് 332 സീറ്റുകൾ കിട്ടിയപ്പോൾ കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന് 246 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എസ്ഡിപിഐ 102 സീറ്റുകൾ കൈയിലാക്കിയപ്പോൾ ട്വന്റി 20 നേടിയത് 78 സീറ്റുകളാണ്. വെൽഫെയർ പാർട്ടി 75 സീറ്റും ആർജെഡി 63 സീറ്റും ആർഎസ്പി 57 സീറ്റുകളും നേടി.

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ജെഡിഎസിന് 44 സീറ്റുകൾ മാത്രമാണ് നേടാനായത്. കേരളാ കോൺ​ഗ്രസ് (ജേക്കബ്) 34ഉം ആർഎംപി(ഐ) 31ഉം സീറ്റുകളിൽ വിജയിച്ചു. എൻസിപി (ശരദ്ചന്ദ്ര പവാർ) 25 സീറ്റുകളിലാണ് ജയിച്ചത്. ​ഗതാ​ഗതമന്ത്രി കെ.ബി ​ഗണേഷ്കുമാറിന്റെ പാർട്ടിയായ കേരളാ കോൺ​ഗ്രസ് (ബി) നേടിയത് വെറും 15 സീറ്റുകൾ മാത്രമാണ്.

സിഎംപിസിസി (സിപി ജോൺ) 10, ഐഎൻഎൽ- ഒമ്പത്, കെഡിപി- എട്ട്, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺ​ഗ്രസ് (എസ്)- എട്ട്, ജനാധിപത്യ കേരളാ കോൺ​ഗ്രസ് ആറ്, പിഡിപി- അഞ്ച്, ബിഡിജെഎസ് അഞ്ച് സീറ്റുകളുമാണ് ആകെ നേടിയത്. ബിഎൻജെഡി മൂന്ന്, ബിഎസ്പി മൂന്ന്, ആം ആദ്മി പാർട്ടി മൂന്ന്, എസ്പി ഒന്ന്, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ഒന്ന്, എൽജെപി ഒന്ന് എന്നിങ്ങനെയാണ് ഒരക്കം മാത്രം കുറിച്ച മറ്റ് പാർട്ടികൾ. സംപൂജ്യരായ പാർട്ടികളുമുണ്ട്. കെപിഎ, കെസി എസ്ടി, എൻസിപി, എസ്എസ്, എൻപിപി എന്നിവയാണ് അവ.

Similar Posts